കണ്ടക്ടർമാരെ പത്താംക്ലാസ് കടത്താൻ 'പാഠം ഒന്ന് ആലപ്പുഴ'
ആലപ്പുഴ : ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് കണ്ടക്ടർമാരെയും ജില്ലാ പഞ്ചായത്തിന്റെ 'പാഠം ഒന്ന് ആലപ്പുഴ' പദ്ധതി വഴി പത്താംക്ലാസുകാരാക്കി മാറ്റും. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പദ്ധതിക്ക് നേതൃത്വപരമായ പങ്കുവഹിക്കും. പത്താംക്ലാസ് വിജയിക്കാത്ത ബസ് കണ്ടക്ടർമാരുടെ സ്കൂൾരേഖകളും ഫോട്ടോയും ആർ.ടി.ഒ ഓഫീസ് വഴി ശേഖരിച്ച് കോഴ്സ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും.
ഏഴാംക്ലാസ് പാസായ 17 വയസ് പൂർത്തിയായവർക്കും 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാംജി.കെ.കരൺ, സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി.രതീഷ് എന്നിവർ പങ്കെടുത്തു.
ക്ളാസുകൾ അവധിദിവസങ്ങളിൽ
ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടായിരിക്കും.60 ശതമാനം ഹാജർ നിർബന്ധമാണ്
ജില്ലയിലെ പ്രധാന സർക്കാർ, എയിഡഡ് സ്കൂളുകൾ തുല്യതാ കോഴ്സിന്റെ സമ്പർക്ക പഠനകേന്ദ്രങ്ങളായിരിക്കും
ഉത്തരവാദിത്തത്തോടെ കടമകൾ നിർവ്വഹിക്കുന്ന കൂടുതൽ ജീവനക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മോട്ടോർവാഹന വകുപ്പ് പദ്ധതിക്ക് മുൻകൈയെടുത്തത്
പരീക്ഷ പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ടാകും
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ :9188961509
യോഗ്യത നേടുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് നടത്തും
- സജിപ്രസാദ്, ആർ.ടി. ഒ