ബസ് യാത്രക്കാരിയുടെ ജീവൻ കാത്ത് നഴ്സിംഗ് ഓഫീസർ

Saturday 19 July 2025 12:45 AM IST

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ബോധരഹിതയായി കുഴഞ്ഞുവീണ സ്ത്രീയ്ക്ക് രക്ഷകയായി നഴ്സിംഗ്ഓഫീസർ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസർ ബിൻസി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ സ്ത്രീയ്ക്ക് ബസിനുള്ളിൽ വെച്ച് സി.പി.ആർ നൽകി രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച്ച ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബിൻസി കയറിയ കെ.എസ്. ആർ.ടി.സി ബസിനുള്ളിലായിരുന്നു സംഭവം. കായംകുളത്തു നിന്നും വന്ന ബസിനുള്ളിൽ യാത്രക്കാർ കുറവായിരുന്നു. ബസിനുള്ളിലെ നിലവിളി കേട്ട്, മുൻസീറ്റിലിരുന്ന ബിൻസി പിന്നിലേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്ക് മറ്റൊരു സ്ത്രീ വീണു കിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെ തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ നിലത്തു കിടത്തി ബിൻസി സി.പി.ആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്ത്രീയെ ബസിൽ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർക്ക് അടിയന്തിര ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജനറൽ ആശുപത്രിയിൽ ഒരു വർഷമായി ജോലി ചെയ്യുന്ന ബിൻസി ചേർത്തല പള്ളിപ്പുറം ചാത്തമംഗലത്ത് നികർത്ത് സിബിയുടെ ഭാര്യയാണ്. മക്കൾ: അലക്സ്, ബേസിൽ. ബിൻസിയെ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യയുടെ നേതൃത്വത്തിൽ ജീവനക്കാർ അഭിനന്ദിച്ചു.