നിമിഷ പ്രിയയുടെ മോചനം യെമനിൽ ആറംഗ സംഘം പോകണമെന്ന് ആവശ്യം
കേന്ദ്രത്തെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി : നിമിഷ പ്രിയയുടെ മോചനത്തിന് യെമനിൽ മദ്ധ്യസ്ഥ ചർച്ചയ്ക്ക് പോകാൻ ആറംഗ സംഘത്തെ ചുമതലപ്പെടുത്തണമെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യക്കാർക്ക് യെമനിലേക്ക് യാത്രാവിലക്കുള്ളതിനാൽ കേന്ദ്രതീരുമാനം നിർണായകമാണ്. ഇക്കാര്യം പരിഗണിക്കാമെന്ന് അറ്റോർണി ജനറൽ അറിയിച്ചു.
ആക്ഷൻ കൗൺസിൽ, കാന്തപുരം, കേന്ദ്രസർക്കാർ എന്നിവരെ പ്രതിനിധീകരിച്ച് രണ്ടുവീതം അംഗങ്ങളടങ്ങിയ സംഘം വേണമെന്നാണ് ആവശ്യം. ആക്ഷൻ കൗൺസിലിലെ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, കാന്തപുരത്തെ പ്രതിനധീകരിച്ച് അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരുടെ പേരുകളും മുന്നോട്ടുവച്ചു.
തുടർന്നാണ് കേന്ദ്രത്തെ സമീപിക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്. ഇന്ന് നിവേദനം നൽകുമെന്ന് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.
സുരക്ഷിതയായി
വന്നാൽ മതി
നിമിഷപ്രിയ സുരക്ഷിതയായി പുറത്തുവരികയെന്നതു മാത്രമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയിൽ പറഞ്ഞു. കുടുംബമാണ് മദ്ധ്യസ്ഥചർച്ചകൾ നടത്തേണ്ടത്. വധശിക്ഷയ്‌ക്ക് പുതിയ തീയതി തീരുമാനിച്ചിട്ടില്ല. ആക്ഷൻ കൗൺസിൽ അവിടെ പോയാൽ കഥമാറുമെന്ന് വിചാരിക്കുന്നില്ലെന്നും വ്യക്തമാക്കി. വിഷയം സുപ്രീംകോടതി ആഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും.