തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പിക്ക് അപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

Saturday 19 July 2025 1:00 AM IST

കല്ലറ: തെങ്ങുകയറ്റ തൊഴിലാളിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിക്ക് അപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ.കല്ലറ പാട്ടറ വരിക്കാപ്ലാമൂട് സ്വദേശി ബഷീറാണ് (45) അറസ്റ്റിലായത്.

കല്ലറ കൊടിതൂക്കിയകുന്ന് സ്വദേശി രാമൻ എന്നുവിളിക്കുന്ന അനിൽകുമാറാണ്(46) മരിച്ചത്.ഇക്കഴിഞ്ഞ 14നായിരുന്നു സംഭവം.സ്ഥിരമായി മദ്യപിച്ച് റോഡരികിൽ അനിൽകുമാർ കിടക്കാറുണ്ട്.സംഭവദിവസം വരിക്കാപ്ലാമൂട്ടിലുള്ള ബഷീറിന്റെ വാടക വീട്ടിൽനിന്ന് പുറത്തേക്കിറങ്ങുന്ന റോഡരികിൽ മദ്യലഹരിയിൽ അനിൽകുമാർ കിടന്നിരുന്നു.

പുലർച്ചെ 2.30ന് മത്സ്യകച്ചവടത്തിനായി പിക്ക് അപ്പുമായി പുറത്തേയ്ക്കിറങ്ങിയ ബഷീർ, റിവേഴ്‌സ് എടുക്കുന്നതിനിടയിൽ അനിൽകുമാറിന്റെ ദേഹത്ത്കൂടി കയറിയിറങ്ങുകയായിരുന്നു.മരിച്ചയാളുടെ ശരീരത്തിൽ ടയർ കയറിയിറങ്ങിയ പാടുകൾ കണ്ടെത്തിയതോടെ പൊലീസ്,മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയക്കുകയായിരുന്നു.

പിന്നീട് സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബഷീറിലേക്ക് അന്വേഷണം എത്തിയതും അറസ്റ്റ് നടന്നതും.അപകടം നടന്നെന്ന് മനസ്സിലാക്കിയിട്ടും ഇയാളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ബഷീർ മത്സ്യവില്പനയ്ക്കായി പോയിരുന്നു.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.