121 കോടിയുടെ ചൈനീസ് വായ്പാ ആപ്പ് തട്ടിപ്പ്: പ്രതിക്ക് ജാമ്യമില്ല
കൊച്ചി: ചൈനീസ് വായ്പാ ആപ്പുകളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി സയിദ് മുഹമ്മദിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കേസിൽ ഹർജിക്കാരന്റെ പങ്ക് വ്യക്തമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. വാട്ട്സ് ആപ്പ് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് തട്ടിപ്പിനുള്ള ആപ്പിന്റെ ലിങ്കുകൾ പ്രചരിപ്പിച്ചത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം തട്ടിപ്പുകാർക്ക് ലഭിക്കും. ഇതാണ് പണാപഹരണത്തിന് ഉപയോഗിച്ചത്. 121 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നും ഇതിനായി 289 വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറന്നെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. പണം വിദേശത്തേക്കും കടത്തി. തട്ടിപ്പിൽ പങ്കില്ലെന്നും താൻ ബലിയാടാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ സയിദ് മുഹമ്മദിന്റെ ഇടപെടലിലൂടെ 154 ബാങ്ക് അക്കൗണ്ടുകൾ വിവിധ ബാങ്കുകളിലായി തുറന്നിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ഈ അക്കൗണ്ടുകൾ വഴിയാണ് വായ്പാ ആപ്പുകളുടെ സഹായത്തോടെ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ക്രിപ്റ്റോ വാലറ്റ് വഴിയും ഹർജിക്കാരൻ തട്ടിപ്പ് നടത്തിയെന്നും രണ്ട് കോടി രൂപ സ്വന്തമാക്കിയെന്നും കോടതി കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.