'ഇന്ത്യ' മുന്നണിയിൽ സീറ്റ് പങ്കിടൽ ധാരണ വേണം: സി.പി.ഐ

Saturday 19 July 2025 12:48 AM IST

ന്യൂഡൽഹി: സീറ്റ് പങ്കിടുന്നതിൽ കൃത്യമായ ധാരണയില്ലാത്തതും പ്രാദേശിക നേതൃത്വങ്ങളുടെ താത്‌പര്യങ്ങളും ബി.ജെ.പി വിരുദ്ധ 'ഇന്ത്യ' മുന്നണിയെ ദുർബലമാക്കുന്നുവെന്ന് സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിനുള്ള രാഷ്‌ട്രീയ കരട് പ്രമേയം. സി.പി.ഐ ആശയപരമായും സംഘടനാപരമായും വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനിൽ ജനറൽ സെക്രട്ടറി ഡി.രാജ കരട് പ്രമേയം പ്രകാശനം ചെയ്‌തു.

ബി.ജെ.പി-ആർ.എസ്.എസ് വെല്ലുവിളിയെ നേരിടാൻ രൂപീകരിച്ച 'ഇന്ത്യ' മുന്നണി നേരിടുന്ന വലിയ വെല്ലുവിളി സീറ്റ് പങ്കിടലിലെ പോരായ്‌മയാണ്. പ്രാദേശിക ആധിപത്യം നിലനിറുത്താൻ ചില കക്ഷികൾ നടത്തുന്ന വിലപേശൽ മുന്നണിയുടെ ലക്ഷ്യത്തെ ബാധിക്കുന്നു. പ്രചാരണ തന്ത്രങ്ങളിലും ആശയ വിനിമയത്തിലും ശക്തി ഉപയോഗിക്കുന്നതിലും ഏകോപനമില്ലാത്തത് തിരിച്ചടിയാകുന്നു. ചിലയിടങ്ങിൽ പരസ്‌പരം മത്സരിക്കേണ്ടി വരുന്നതും മുന്നണിയെ ദുർബലമാക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഉദാഹരിച്ചാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. സീറ്റ് പങ്കിടലിൽ തർക്കങ്ങളുണ്ടായ ഹരിയാന, ഡൽഹി, മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പുകളുടെ അനുഭവവും പാഠമാക്കണം

പൊതു മിനിമം

പരിപാടി വേണം

ജനകീയ വിഷയങ്ങളിലും ഭരണഘടനാ മൂല്യങ്ങളിലും ഊന്നിയുള്ള പൊതു മിനിമം പരിപാടി അടിസ്ഥാനമാക്കി ഇടത്, മതേതര, ജനാധിപത്യ ശക്തികൾ ഒന്നിക്കണം. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയണം.

 മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ആദർശങ്ങളിൽ ഉറച്ച വേറിട്ട ശക്തിയാകാൻ ഇടതു പാർട്ടികളുടെ ഏകീകരണം അനിവാര്യം.

 സി.പി.ഐ ആശയപരമായ വ്യക്തതയോടെ രാഷ്‌ട്രീയ നവീകരണത്തിന് വിധേയമാകണം. താഴെത്തട്ടു മുതലുള്ള പുന:സംഘടന അനിവാര്യം. പ്രക്ഷോഭങ്ങളിലൂടെ ട്രേഡ് യൂണിയനുകൾ, കിസാൻസഭ, വനിത, വിദ്യാർത്ഥി, യുവ സംഘടനകളെ ശക്തിപ്പെടുത്തണം.

 സംഘടനാ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പുകളിൽ മാത്രമാകരുത്. ജനകീയ വിഷയങ്ങളിൽ സ്ഥിരമായി ഇടപഴകുന്ന ആളുകൾ സ്ഥാനാർത്ഥികളായി വരണം.