ജാമ്യാപേക്ഷയിൽ ക്രിമിനൽ പശ്ചാത്തലം രേഖപ്പെടുത്തണം

Saturday 19 July 2025 1:04 AM IST

ന്യൂഡൽഹി: ജാമ്യാപേക്ഷകളിൽ പ്രതികൾ അവരുടെ ക്രിമിനൽ പശ്ചാത്തലം രേഖപ്പെടുത്തണമെന്ന ചട്ടം ഹൈക്കോടതികൾ കൊണ്ടുവരണമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ വധശ്രമക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്‌ജിക്കെതിരെ അവിടുത്തെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പ്രതിയുടെ ക്രിമിനൽ റെക്കാഡ് അവഗണിച്ചുകൊണ്ട് ധിക്കാരപരമായി ജാമ്യം നൽകിയെന്നായിരുന്നു നിരീക്ഷണം. പരാമർശം നീക്കികിട്ടാൻ ജഡ്‌ജി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഏതെങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ജാമ്യാപേക്ഷയിൽ പ്രതി വെളിപ്പെടുത്തുന്നത് അനിവാര്യമാക്കി ഹൈക്കോടതി ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരണം. എല്ലാ ഹൈക്കോടതി രജിസ്ട്രാർ ജനറലുമാർക്കും ഉത്തരവ് അയച്ചു കൊടുക്കാനും ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൽ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. ജഡ്‌ജിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കി.