ധർമ്മസ്ഥല കൊലപാതക പരമ്പര പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

Saturday 19 July 2025 1:08 AM IST

ബംഗളൂരു: കർണാടയകയിലെ ധർമ്മസ്ഥല കൂട്ട ശവസംസ്‌കാരം എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിന് എതിർപ്പില്ല. പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകിയ ശേഷം ഇക്കാര്യം പരിഗണിക്കും. കേസിൽ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം വേണമെന്ന ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കേസുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഒരു കൂട്ടം അഭിഭാഷകർ എസ്‌.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. പത്തു വർഷം മുമ്പ് യുവതികളെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി രംഗത്തെത്തിയതാണ് വിവാദമായത്.

ഇദ്ദേഹം ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊലപാതകങ്ങൾക്ക് താൻ സാക്ഷിയാണ്. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നൽകണമെന്നും അന്വേഷവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇയാൾ വ്യക്തമാക്കി.