സ്‌കൈ ഡൈവിംഗ് ഇതിഹാസം ഫെലിക്‌സ് ബോംഗാർട്‌ണറിന് ദാരുണാന്ത്യം
റോം: ലോകപ്രശസ്‌ത ഓസ്ട്രിയൻ സ്‌കൈ ഡൈവറും ബേസ് ജംപറും സാഹസികനുമായ ഫെലിക്‌സ് ബോംഗാർട്‌ണറിന് (56) ദാരുണാന്ത്യം. വ്യാഴാഴ്‌ച ഇറ്റലിയിൽ പാരാഗ്ലൈഡിംഗ് അപകടത്തിലാണ് 'ഫിയർലെസ് ഫെലിക്സ്" എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിയോഗം. ഏറ്റവും ഉയരത്തിൽ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തിയ മനുഷ്യനെന്ന റെക്കാഡ് സ്ഥാപിച്ചാണ് ആഗോള ശ്രദ്ധനേടിയത്.
കിഴക്കൻ മാർക്കെ മേഖലയിലെ പോർട്ടോ സാന്റൽപീഡ്യോ ഗ്രാമത്തിന് മുകളിലൂടെ പറക്കവെ, ഫെലിക്സ് ഉപയോഗിച്ചിരുന്ന പാരാഗ്ലൈഡർ നിയന്ത്രണം തെറ്റി ഒരു ഹോട്ടലിന്റെ സ്വിമ്മിംഗ് പൂളിന് സമീപം വീഴുകയായിരുന്നു.
പറക്കുന്നതിനിടെ ഫെലിക്‌സിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് പാരാഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഹോട്ടൽ ജീവനക്കാരിക്ക് പരിക്കേറ്റിട്ടുണ്ട്. റൊമേനിയൻ ടെലിവിഷൻ അവതാരകയും ബിസിനസുകാരിയുമായ മിഹായേല റാഡൂലെസ്‌കൂവാണ് ഫെലിക്സിന്റെ ജീവിത പങ്കാളി.
# ശബ്ദത്തെ തോൽപ്പിച്ച മനുഷ്യൻ !
2012 ഒക്ടോബർ 14ന് ഫെലിക്സ് സ്ട്രാറ്റോസ്‌ഫിയറിൽ വച്ച് (ഭൗമോപരിതലത്തിൽ നിന്ന് 39 കിലോമീറ്റർ ഉയരം) ഹീലിയം ബലൂണിൽ നിന്ന് ഭൂമിയിലേക്ക് ചാടി
പാരഷൂട്ടിന്റെ സഹായത്തോടെ യു.എസിലെ ന്യൂമെക്സിക്കോയിൽ വിജയകരമായി ലാൻഡ് ചെയ്തു
1960ൽ അമേരിക്കൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ജോസഫ് കിറ്റിൻഗർ സ്ഥാപിച്ച റെക്കാഡ് (31.3 കിലോമീറ്റർ ഉയരം) ഫെലിക്സ് തകർത്തു. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ച ആദ്യ സ്‌കൈ ഡൈവറായി
ഫെലിക്സിന്റെ റെക്കാഡ് 2014ൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ യൂസ്റ്റസ് ഭേദിച്ചു (41.4 കിലോമീറ്റർ ഉയരം)
റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയിൽ നിന്നും മലേഷ്യയിലെ പെട്രോണാസ് ടവറിൽ നിന്നും ചാടിയും ഫെലിക്‌സ് റെക്കാഡുകൾ സ്ഥാപിച്ചു
ഇംഗ്ലീഷ് ചാനലിന് കുറുകെ സ്‌കൈ ഡൈവിംഗ് നടത്തിയ ആദ്യ മനുഷ്യനും ഫെലിക്സാണ് (2003ൽ)