'എന്നെയും കോകിലയെയും ഉപദ്രവിക്കുകയാണ്, എല്ലാം എന്തിന് വേണ്ടിയാണെന്ന് കാണുന്നവർക്ക് മനസിലാവും'

Saturday 19 July 2025 12:29 PM IST

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല രംഗത്ത്. താനും കുടുംബവും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ആരെയും റേപ്പ് ചെയ്തിട്ടില്ലെന്നും ബാല പറഞ്ഞു. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിൽ വേദനയുണ്ടെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. ഭാര്യ കോകിലയും വീഡിയോയിൽ ഭാഗമാകുന്നുണ്ട്.

മുൻ പങ്കാളി എലിസബത്ത് ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആശുപത്രി കിടക്കയിലുള്ള വീഡിയോയിലാണ് എലിസബത്ത് ആരോപണം ഉന്നയിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ബാലയും കുടുംബവുമായിരിക്കുമെന്നും എലിസബത്ത് വീഡിയോയിൽ പറഞ്ഞിരുന്നു.

'ഒരുപാട് തെറ്റിദ്ധാരണകൾ ആളുകൾ എന്നെക്കുറിച്ച് പറഞ്ഞുപരത്തുന്നുണ്ട്. മനസിൽ വേദനയുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പോലും ആശുപത്രിയിലായിരുന്നു. ഫൈറ്റ് ചെയ്താണ് ജീവിതത്തിൽ മുന്നോട്ടുപോകുന്നത്. കിട്ടാത്ത കുടുംബ ജീവിതം 41ാം വയസിൽ എനിക്ക് കിട്ടി. ഭാര്യ കോകില എന്നെ നന്നായി നോക്കുന്നുണ്ട്. എന്തിന് അതിൽ അസ്വസ്ഥതയുണ്ടാകണം? ഞാനും എന്റെ കുടുംബവും ആരെയും ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്ന ആളുകളല്ല ഞങ്ങൾ, ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല.

മീഡിയ അറ്റൻഷനല്ല അവർക്ക് വേണ്ടത്, മെഡിക്കൽ അറ്റൻഷനാണെന്ന് ഞാൻ ആദ്യം മുതലേ പറയുന്നുണ്ട്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുമ്പോൾ മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നു. സ്വന്തം കുടുംബം പോലും നോക്കുന്നില്ല. അതിന്റെ വിഷമം എനിക്കുമുണ്ട്. ഇതേക്കുറിച്ച് ഞാൻ സംസാരിക്കില്ലെന്ന് നാല് മാസം മുമ്പ് പറഞ്ഞിരുന്നു. സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഞാൻ പറഞ്ഞു. എന്നെയും കോകിലയെയും തുടർച്ചയായി ഉപദ്രവിക്കുകയാണ്. ആരെയും ഞാൻ റേപ്പ് ചെയ്തിട്ടില്ല. എല്ലാം എന്തിന് വേണ്ടിയാണെന്ന് കാണുന്നവർക്ക് മനസിലാവും'- ബാല വ്യക്തമാക്കി.