ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റു; ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
മുംബയ്: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷരൂഖ് ഖാന് പരിക്കേറ്റു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. മുംബയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ കഠിനമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ സൂപ്പർസ്റ്റാറിന് പരിക്കേൽക്കുകയായിരുന്നു. പരിക്കിന്റെ വിശദാംശങ്ങൾ രഹസ്യമായി തുടരുന്നുവെങ്കിലും, ഷാരൂഖ് ഖാൻ ഇപ്പോൾ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ പേശികൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഷാരൂഖ് പരിക്കിന്റെ പിടിയിലാകുന്നുണ്ട്. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും പൂർണ്ണ വിശ്രമം എടുക്കാൻ ഡോക്ടർമാർ ഷാരൂഖിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഫിലിം സിറ്റി, ഗോൾഡൻ ടുബാക്കോ, വൈആർഎഫ് സ്റ്റുഡിയോസ് തുടങ്ങിയ സ്ഥലങ്ങൾ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഷൂട്ടിംഗിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ ബുക്കിംഗുകൾ റദ്ദാക്കിയെന്നാണ് വിവരം.
അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിൽ അഭിഷേക് ബച്ചൻ, റാണി മുഖർജി, ദീപിക പദുക്കോൺ, അർഷാദ് വാർസി, അഭയ് വർമ്മ, അനിൽ കപൂർ, ജാക്കി ഷ്രോഫ്, രാഘവ് ജുയൽ, ജയ്ദീപ് അഹ്ലാവത്ത്, സഖുരബ്ലാവത്ത് എന്നിവരുൾപ്പെടെയുള്ള വൻ താരനിരകളാണുള്ളത്. ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ഗാന്ധി ജയന്തിക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് വിവരമുണ്ട്.
നിർമ്മാണത്തിലെ നിലവിലെ കാലതാമസം മൂലം, ചിത്രത്തിന്റെ സമയപരിധി കൂടുതൽ നീണ്ടുപോവുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. താരം എത്രയും വേഗം സുഖം പ്രാപിക്കുമെന്നുംസെറ്റിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിനുമായിരിക്കും ആരാധകർ പ്രതീക്ഷിക്കുന്നത്.