'സംഘർഷം പരിഹരിച്ചത് ഞങ്ങളാണ്, അഞ്ച് ഫൈറ്റർ ജെറ്റുകൾ യുഎസ് വെടിവച്ചിട്ടു'
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിച്ച വെടിനിർത്തലിൽ തങ്ങളുടെ പങ്ക് പലതവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സൈന്യം അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ അവകാശവാദം.
മേഖലയിൽ സമാധാനം ഉറപ്പാക്കാൻ വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങൾക്കും യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വാദിച്ചു. റിപ്പബ്ലിക്കൻ നിയമാസഭാംഗങ്ങൾക്കൊപ്പമുള്ള അത്താഴ വിരുന്നിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഏത് പക്ഷത്തിന്റെ ജെറ്റ് വിമാനങ്ങളാണ് തങ്ങൾ വെടിവച്ചിട്ടതെന്നുള്ള കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.
ഇതിനുമുമ്പും യുദ്ധത്തിന്റെ വക്കിലെത്തിയ നിരവധി രാജ്യങ്ങളുടെ സംഘർഷങ്ങൾ ഞങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം വലുതായി മാറുകയായിരുന്നു. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ റദ്ദാക്കുമെന്ന് പറഞ്ഞു. ആണവരാജ്യങ്ങളായതിനാൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ചില്ലെങ്കിൽ വ്യാപര കരാറുകൾ സ്തംഭിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ഇറാന്റെ കാര്യം സൂചിപ്പിച്ചു കൊണ്ട് ടെഹ്‌റാന്റെ ആണവ കേന്ദ്രങ്ങളും തങ്ങൾ പൂർണമായും നിലംപരിശാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇതാദ്യമായല്ല ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിക്കുന്നതിൽ തനിക്ക് പങ്കുണ്ടെന്ന് ഡൊണാൾഡ് ട്രംപ് വീരവാദം മുഴക്കുന്നത്. താൻ ഇടപെടുന്നതിന് മുമ്പ് സ്ഥിതി വഷളായിരുന്നുവെന്ന ട്രംപിന്റെ വാദം മുമ്പും കേന്ദ്രസർക്കാർ നിരസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട് വിഷയം ഫോണിൽ ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദ പരാമർശവുമായി ട്രംപ് വീണ്ടും രംഗത്തെത്തുന്നത്. ട്രംപിന്റെ പ്രസ്താവനകൾ രാജ്യത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.