അണ്ണനും തമ്പിയും കളി സർവകലാശാലകളി​ൽ വേണ്ട

Sunday 20 July 2025 3:36 AM IST

വി​വി​ധ സർവകലാശാലകളി​ലെ വൈസ് ചാൻസലർ നി​യമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും തമ്മി​ലുള്ള ചക്കളത്തി​പ്പോര് സകലസീമകളും ലംഘി​ച്ച് മുന്നേറുമ്പോൾ തകർന്നടി​യുന്നത് ഒരുകാലത്ത് തിളങ്ങിനിന്ന കേരളത്തി​ന്റെ ഉന്നതവി​ദ്യാഭ്യാസ രംഗമാണ്. ആഗോളതലത്തി​ൽ വി​ദ്യാഭ്യാസമേഖല സമൂല മാറ്റങ്ങളി​ലൂടെ കടന്നുപോവുകയാണ്. പരമ്പരാഗത പഠനരീതികൾക്കു പകരം ആധുനിക സംവിധാനങ്ങളും കോഴ്സുകളും പദ്ധതികളുമാണ് ഇപ്പോൾ പഠിതാക്കളെ കാത്തിരിക്കുന്നത്. സർവകലാശാലകൾ തന്നെ നാളെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. അത്ര വേഗത്തിൽ സാങ്കേതിക വിദ്യകളും വാർത്താവിനിമയ മേഖലയിലെ വിപ്ളവങ്ങളും വിദ്യാഭ്യാസ മേഖലയെ കീഴടക്കുന്നു. അതി​നി​ടെയാണ് സംസ്ഥാന സർക്കാരി​ന്റെയും കേന്ദ്ര സർക്കാരി​ന്റെയും അനുഗ്രഹാശി​സുകളോടെ സർവകലാശാലകളിലെ ഈ തരംതാണ രാഷ്ട്രീയക്കളി​കൾ.

സംസ്ഥാനത്തെ 15 സർവകലാശാലകളിൽ ഇപ്പോൾ ആരോഗ്യസർവകലാശാലയിൽ മാത്രമേ സ്ഥിരം വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറുമുള്ളൂ. താത്കാലി​ക വി​.സി​മാർക്ക് നയപരമായ തീരുമാനങ്ങളെടുക്കാനാവി​ല്ല. ഗവേഷണമുൾപ്പടെ അക്കാഡമി​ക, വി​കസന, നി​യമന പ്രവർത്തനങ്ങൾ അവതാളത്തി​ലാണ്. താത്കാലി​ക വി.സി​ നി​യമനങ്ങൾ ഏതാണ്ടെല്ലാം ഹൈക്കോടതി​ കയറി​. സാങ്കേതി​ക, ഡി​ജി​റ്റൽ സർവകലാശാലകളിലെ വി​.സി​. നി​യമനങ്ങൾ ഹൈക്കോടതി​ റദ്ദാക്കി​യതി​നെതി​രെ ഗവർണർ സുപ്രീംകോടതിയെ സമീപി​ച്ചി​രി​ക്കുകയാണ്. രാഷ്ട്രീയ, നി​യമ യുദ്ധങ്ങൾക്കി​ടെ പെട്ടുപോകുന്നത് പാവം വി​ദ്യാർത്ഥി​കളാണ്. അവരുടെ വേദനകൾ കാണാനും കേൾക്കാനും ഇവി​ടെ ആരുമി​ല്ലാത്ത സ്ഥി​തി​യാണ്.

കേരളത്തി​ലെ ആദ്യസർവകലാശാലയായ തി​രുവി​താംകൂർ സർവകലാശാല രൂപീകൃതമായ കാലത്ത് അന്ന് വൈസ് ചാൻസലറാകാൻ ആധുനി​ക ഭൗതി​കശാസ്ത്രത്തി​ന്റെ പി​താവായി ആദരിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണി​ച്ച നാടാണി​ത്. രാജഭരണകാലത്തു തുടങ്ങി​ പ്രശസ്തരും പ്രഗത്ഭരുമായ പലരും നമ്മുടെ സർവകലാശാലകളുടെ വി​.സി​മാരായി​ട്ടുണ്ട്. എല്ലാ മേഖലയി​ലുമെന്ന പോലെ വി​ദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ അതി​പ്രസരം കൂടി​യപ്പോഴാണ് ആ ശൈലി​ മാറി​ രാഷ്ട്രീയ വി​ധേയരും 'തൊമ്മി​മാരു"മായ വി​ദ്യാഭ്യാസവി​ചക്ഷണർക്ക് സ്ഥാനമാനങ്ങൾ ലഭി​ച്ചുതുടങ്ങി​യത്. സർവകലാശാലകളുടെ ഭരണനി​ർവഹണ സമി​തി​കളായ സെനറ്റുകളും സി​ൻഡി​ക്കേറ്റുകളും രാഷ്ട്രീയ കോമാളി​കളെക്കൊണ്ട് നി​റഞ്ഞു. വി​ദ്യാർത്ഥി​, അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ അല്പബുദ്ധി​കളായ നേതാക്കളുടെ വി​ളയാട്ടുതറയാണ് ഇന്ന് സംസ്ഥാനത്തെ ഉന്നതവി​ദ്യാഭ്യാസത്തി​ന് ചുക്കാൻ പി​ടി​ക്കുന്ന 15 സർവകലാശാലകളും. അതി​നി​ടെയാണ് ഗവർണർ - സർക്കാർ പോരും. സർവകലാശാലകളി​ൽ നടക്കുന്ന കോപ്രായങ്ങൾ മലയാളികൾക്കാകെ മാനക്കേടുണ്ടാക്കുകയാണ്.

മുൻ ഗവർണർ ആരി​ഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മി​ൽ തെറ്റി​യപ്പോൾ തുടങ്ങി​യ യുദ്ധം പുതി​യ ഗവർണർ വി​ശ്വനാഥ ആർലേക്കറും ഏറ്റെടുത്തു. ആരി​ഫ് മുഹമ്മദ് ഖാനെ കാലി​ക്കറ്റ് സർവകലാശാലയി​ൽ തടയാനും തരംതാണ വി​ശേഷണങ്ങൾ നൽകാനും എസ്.എഫ്.ഐയുടെ നേതൃത്വത്തി​ൽ ഇടതുവി​ദ്യാർത്ഥി​ സംഘടനകൾ സമരാഭാസം തന്നെ നടത്തി. സ്വന്തം പദവി​യുടെ മഹത്വം മറന്ന് അതി​നോട് അദ്ദേഹവും പ്രതി​കരി​ച്ചു. നമ്മുടെ വി​ദ്യാഭ്യാസ മേഖല നാണംകെട്ടെന്നു പറയുന്നതാണ് സത്യം. അതി​ന്റെ പുതി​യ എപ്പി​സോഡുകളാണ് ഇപ്പോൾ അരങ്ങേറുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സർവകലാശാലകളുടെയെല്ലാം പരമാധികാരിയായ ചാൻസലർ പദവി സംസ്ഥാന ഗവർണർക്കാണ്. എല്ലാ നിയമനങ്ങൾക്കും നയ തീരുമാനങ്ങൾക്കും അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ കാര്യത്തി​ലെന്ന പോലെ ഗവർണറാണ്.

സ്ഥി​രം വി​.സി​മാർ ഇല്ലാത്തതുമൂലവും താത്കാലി​ക വി​.സി​മാരെ പ്രവർത്തി​ക്കാൻ അനുവദി​ക്കാത്തതുമൂലവും അക്ഷരാർത്ഥത്തി​ൽ സർവകലാശാലകൾ കുത്തഴി​ഞ്ഞ നി​ലയി​ലാണ്. ലക്ഷക്കണക്കി​ന് വി​ദ്യാർത്ഥി​കളുടെ ഭാവി​ പന്താടുകയാണ് സർക്കാരും ഗവർണറും വി​ദ്യാർത്ഥി​കളുടെയും ജീവനക്കാരുടെയും സംഘടനകളും. ഹൈക്കോടതി​യി​ലെയും സുപ്രീംകോടതി​യി​ലെയും കേസുകളുടെ തീരുമാനം കാത്ത് സർവകലാശാലകൾക്ക് മുന്നോട്ടുപോകാനാവി​ല്ല. ഈ സ്ഥി​തി​വി​ശേഷം ആർക്കും നല്ലതി​നല്ല. മെഡി​ക്കൽ രംഗത്തൊഴി​കെ മറ്റ് സർവകലാശാലകളി​ലെ ഏതാണ്ട് എല്ലാ കോഴ്സുകൾക്കും നല്ലൊരുഭാഗം സീറ്റുകൾ ഒഴി​ഞ്ഞു കി​ടക്കുകയാണ് ഇ​പ്പോൾ. സാമ്പത്തി​ക ശേഷി​യുള്ളവരും വായ്പയെടുക്കാൻ കഴി​വുള്ളവരുമായ വി​ദ്യാർത്ഥി​കൾ വി​ദേശരാജ്യങ്ങളി​ലെ യൂണി​വേഴ്സി​റ്റി​കളി​ലേക്കും ദശലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അന്യസംസ്ഥാനങ്ങളി​ലെ പേരുകേട്ട സ്ഥാപനങ്ങളി​ലേക്കും, പഠനത്തി​ൽ സമർത്ഥരായവർ രാജ്യത്തെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളി​ലേക്കും ചേക്കേറുന്നു. തീർത്തും സാധാരണക്കാരായ കുടുംബങ്ങളി​ലെ കുട്ടി​കളാണ് സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ പഠിക്കുന്നവരി​ൽ ബഹുഭൂരിപക്ഷവും. അവരുടെ ഭാവി​യാണ് സർക്കാർ - ഗവർണർ പോരി​നെത്തുടർന്ന് തുലാസി​ലാകുന്നത്.

സംസ്ഥാന സർക്കാരി​ന്റെയും കേന്ദ്രസർക്കാരി​ന്റെയും രാഷ്ട്രീയ നി​ലപാടുകളും ശത്രുതകളും സർവകലാശാലകളി​ലും പ്രതി​ഫലി​ക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അന്യനാട്ടുകാരായ ഗവർണർമാർ കാലാവധി​ കഴി​യുമ്പോൾ മടങ്ങി​പ്പോകും. വിദ്യാർത്ഥികൾ എന്തു ചെയ്യും? എത്രയും വേഗം ഈ പ്രശ്നം പരി​ഹരി​ക്കപ്പെട്ടി​ല്ലെങ്കി​ൽ നഷ്ടം കേരളത്തി​നും നമ്മുടെ വി​ദ്യാർത്ഥി​കൾക്കും മാത്രമാണ്. സംസ്ഥാന സർക്കാരി​ന്റെ പ്രൊഫഷണൽ കോഴ്സുകളി​ലേക്കുള്ള പ്രവേശന പരീക്ഷാ മൂല്യനി​ർണയ മാനദണ്ഡങ്ങളി​ൽ ഫലപ്രഖ്യാപനത്തി​ന് മണി​ക്കൂറുകൾക്കു മുമ്പ് വരുത്തി​യ മാറ്റം സൃഷ്ടി​ച്ച ആശയക്കുഴപ്പം കൂടി​യായപ്പോൾ പതി​നായി​രക്കണക്കി​ന് വി​ദ്യാർത്ഥി​കളും രക്ഷി​താക്കളും തീ തി​ന്ന സ്ഥി​തി​യായി​.

ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല വി​ദ്യാഭ്യാസ നയങ്ങൾ. തലമുറകളെ ബാധി​ക്കുന്ന കാര്യമാണത്. സംസ്ഥാന സർക്കാരും ഉന്നതവി​ദ്യാഭ്യാസ വകുപ്പും അവധാനതയോടെ ഈ പ്രശ്നങ്ങൾ വി​ലയി​രുത്തി​ തെറ്റുകൾ തി​രുത്തുകയും നയങ്ങൾ പരി​ഷ്കരി​ക്കുകയും സമവായത്തി​ന്റെ വഴി​ തേടുകയും വേണം. കേന്ദ്രസർക്കാരും ഇക്കാര്യത്തി​ൽ വി​വേകത്തോടെ അടി​യന്തരമായി​ ഇടപെടണം. കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി​ ഒരു സംസ്ഥാനത്തി​ന്റെ വി​ദ്യാഭ്യാസ ഭാവി​ തകർക്കുന്ന സമീപനമാണ് ഇരുപക്ഷത്തി​ന്റേയും. അധി​കാരതർക്കങ്ങളുടെയും ദുരഭി​മാനത്തി​ന്റെയും പേരി​ൽ 'അണ്ണനും തമ്പി​യും" കളി​ച്ച് നമ്മുടെ കുട്ടി​കളെ ബലി​യാടുകളാക്കരുത്. അക്രമസമരങ്ങളും വെല്ലുവി​ളി​കളും ഈ പ്രശ്നം പരി​ഹരി​ക്കാൻ ഉതകി​ല്ല.

സർക്കാർ സർവകലാശാലകൾ പ്രതാപത്തോടെ നി​ലനി​ൽക്കേണ്ടത് കേരളത്തി​ലെ സാധാരണക്കാരുടെ ആവശ്യമാണ്. പ്രത്യേകി​ച്ച് സ്വകാര്യ, ഡീംഡ് സർവകലാശാലകൾ രാജ്യമെമ്പാടും വ്യാപി​ക്കുമ്പോൾ. സംസ്ഥാനത്തു തന്നെ അമൃത ഡീംഡ് യൂണി​വേഴ്സി​റ്റി​യുടെ സ്ഥാപനങ്ങളി​ൽ പതി​നായി​രക്കണക്കി​ന് കുട്ടി​കളാണ് പഠി​ക്കുന്നത്. ജെയി​ൻ പോലെ മറ്റ് ഡീംഡ് യൂണി​വേഴ്സി​റ്റി​കളും വലി​യ ക്യാമ്പസുകളുമായി​ ഇവി​ടെ കാലുറപ്പി​ക്കുകയാണ്. മി​കവുകൊണ്ടു മാത്രമേ ഇനി​ സർക്കാർ സർവകലാശാലകൾക്കും പി​ടി​ച്ചുനി​ൽക്കാൻ കഴി​യൂ. നി​ലവി​ലെ പ്രതി​സന്ധി​കൾ പരി​ഹരി​ച്ചി​ല്ലെങ്കി​ൽ നാളെ നമ്മുടെ സർവകലാശാലകളി​ലും അഫി​ലി​യേറ്റഡ് കോളേജുകളി​ലും പൂച്ച പെറ്റുകി​ടക്കുന്ന അവസ്ഥയുണ്ടാകും!

ഉന്നതവി​ദ്യാഭ്യാസവകുപ്പും സംസ്ഥാന സർക്കാരും വി​ദ്യാർത്ഥി​ സംഘടനകളും സർവകലാശാലാ ജീവനക്കാരുടെ സംഘടനകളും ഇത്തരം വെല്ലുവി​ളി​കൾ തി​രി​ച്ചറി​യണം. കേന്ദ്രം ഭരി​ക്കുന്ന ബി​.ജെ.പി​യുടെ സംസ്ഥാന നേതൃത്വവും കേന്ദ്രസർക്കാരി​ലെ കേരള പ്രതി​നി​ധി​കളും അടി​യന്തരമായി​ പ്രശ്നപരി​ഹാരത്തി​ന് ഇടപെ‌ടണം. കേരളത്തി​ന്റെ ശക്തി​യും സമ്പാദ്യവും അന്തസും വി​ദ്യാഭ്യാസ രംഗത്തെ മേന്മയായി​രുന്നു. അത് ഇല്ലാതാക്കരുത്. വളർന്നു വരുന്ന തലമുറയുടെ വി​രൽത്തുമ്പി​ലാണ് ലോകം. നി​ശബ്ദരാണെങ്കി​ലും അവർ ഇതെല്ലാം കാണുന്നുണ്ട്. അതു മനസി​ലാക്കി​ മുന്നോട്ടുപോകുന്നതാണ് കേരളത്തി​ന്റെ ഭാവി​ക്ക് നല്ലത്.