അവനെ പെട്രോളൊഴിച്ച് ഞാൻ കത്തിച്ചു സാറേ...
രാമപുരം : ''അവനെ പെട്രോളൊഴിച്ച് ഞാൻ കത്തിച്ചു സാറെ..എന്നെ ജീവിക്കാൻ സമ്മതിക്കുകയില്ലായിരുന്നു അവൻ. പിന്നെന്തുചെയ്യും''. ഇന്നലെ രാവിലെ പത്തേകാലോടെ രാമപുരം പൊലീസ് സ്റ്റേഷനിലേക്കെത്തിയ മദ്ധ്യവയസ്‌കൻ പറഞ്ഞതുകേട്ട് പൊലീസുകാർ ഞെട്ടിപ്പോയി. കാര്യം തിരക്കിയപ്പോഴാണ് കണ്ണനാട്ട് ജുവലറി ഉടമ അശോകനെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷമാണ് താൻ സ്റ്റേഷനിൽ വന്നിരിക്കുന്നതെന്ന് രാമപുരം ഇളംതുരുത്തിയിൽ ഹരി എന്ന തുളസീധരൻ (59) പറയുന്നത്. ഉടൻ പൊലീസ് ജുവലറിയിലേക്ക് കുതിച്ചു. അവിടെയെത്തിയപ്പോൾ പൊള്ളലേറ്റ് പിടഞ്ഞുകിടക്കുന്ന കണ്ണനാട്ട് കെ.പി. അശോകനെ (58) ആണ് കണ്ടത്. ഉടൻ പൊലീസും, വ്യാപാരികളും ചേർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസറ്റിയിലേക്ക് കൊണ്ടുപോയി. എഴുപത് ശതമാനത്തോളം പൊള്ളലേറ്റെന്നാണ് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
''അവനെ കൊന്ന് ഞാനും ചാകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ തീ ആളുന്നത് കണ്ടതേ ഞാൻ പേടിച്ചുപോയി. അങ്ങനെയാണ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്'' തുളസീധരൻ പറഞ്ഞു. കഴിഞ്ഞ നാലഞ്ചുമാസമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി അശോകനും തുളസീധരനും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുകയും കോടതിയിൽ കേസാവുകയും ചെയ്തിരുന്നു. ഇതിനിടെ സാനിട്ടറി ബിസിനസുകാരനായ തുളസീധരൻ പുതിയൊരു കട എടുക്കാൻ ശ്രമിച്ചു. ഇതിന് അശോകൻ തടസം നിന്നതായി തുളസീധരൻ ആരോപിക്കുന്നു. ഇതോടെ പകയിരട്ടിച്ച തുളസീധരൻ എങ്ങനെയെങ്കിലും അശോകനെ വകവരുത്തി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഞൊടിയിടയിൽ എല്ലാം സംഭവിച്ചു
ഇന്നലെ രാവിലെ വെള്ളിലാപ്പള്ളി പെട്രോൾ പമ്പിൽ നിന്ന് ഒരു കുപ്പി പെട്രോൾ വാങ്ങി അശോകന്റെ കടയിലേക്കെത്തി. കുപ്പി കടലാസിൽ പൊതിഞ്ഞിരുന്നതിനാൽ അശോകന് സംശയം തോന്നിയുമില്ല. സാമ്പത്തിക കാര്യത്തെ ചൊല്ലി ആദ്യം സംസാരിച്ചു. പെട്ടെന്ന് തർക്കമായി. ഞൊടിയിടയിൽ കൈയിൽ കരുതിയിരുന്ന പെട്രോൾ അശോകന്റെ തലയിലേക്കൊഴിച്ച് തീ കൊളുത്തി. കടയുടെ ഗ്ലാസ് വാതിൽ ചാരി പെട്ടെന്ന് പുറത്തിറങ്ങി സ്റ്റേഷനിലേക്ക് പോയി. സമീപത്തെ വ്യാപാരികൾ പോലും ആദ്യമൊന്നും അറിഞ്ഞില്ല. പിന്നീട് കടയിൽ നിന്ന് തീ ആളുന്നത് കണ്ട് ഓടിയെത്തുകയായിരുന്നു. ഇതിനിടെ 150 മീറ്റർ അകലെയുള്ള സ്റ്റേഷനിൽ നിന്ന് പൊലീസുമെത്തി.
പരസ്പര ബന്ധമില്ലാതെ സംസാരം
പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ തുളസീധരൻ രണ്ടുമൂന്ന് മണിക്കൂറിന് ശേഷം പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചതെന്ന് പൊലീസുകാർ പറയുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.