നായികയായി ദിയ തെലുങ്കിൽ
പറന്ത് പോ എന്ന തമിഴ് ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം തെലുങ്കിൽ നായികയാകാൻ ഒരുങ്ങി മലയാളി താരം ദിയ. വുപഡി ദുരൈ സംവിധാനം ചെയ്യുന്ന യന്ത്ര എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. ദീപാ ആർട്സിന്റെ ബാനറിൽ പി. ശ്രീനിവാസ ഗൗഡ് ആണ് നിർമ്മാണം. അജു വർഗീസും ഗ്രേസ് ആന്റണിയും തമിഴ് അരങ്ങേറ്രം കുറിച്ച പറന്ത് പോ എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് ദിയ അവതരിപ്പിക്കുന്നത്. അതേസമയം കാണാക്കൺമണി എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായാണ് ദിയയുടെ അഭിനയത്തുടക്കം. തുടർന്ന് പോക്കിരി രാജ, ഇവിടം സ്വർഗ്ഗമാണ്, റോസ് ഗിറ്റാറിനാൽ, സോളമന്റെ തേനീച്ചകൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഓ ബേബി എന്ന ചിത്രത്തിലെ ദിയയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രമാണ് റിലീസിന് ഒരുങ്ങുന്നത്.