റഷ്യയുടെ 'ജൈവായുധ ശാല'യിൽ സ്ഫോടനം; മാരകവൈറസുകൾ പുറത്ത്?
മോസ്കോ:ലോകത്ത് വസൂരി ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വൈറസുകൾ സൂക്ഷിക്കുന്ന രണ്ട് ലാബുകളിൽ ഒന്നായ റഷ്യയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഫോടനത്തെതുടർന്ന് വൻ തീപിടുത്തമുണ്ടായി. പതിമ്മൂന്ന് ഫയർ എൻജിനുകൾ
എത്തിയാണ് ആറ് നിലക്കെട്ടിടത്തിലെ തീ അണച്ചത്.
സൈബീരിയയിൽ കോൾട്ട്‌സോവോയിലെ റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച്ച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജി ലാബിൽ വാതക സിലിണ്ടർ പൊട്ടിറിച്ച് തീപിടിക്കുകയായിരുന്നു. പക്ഷിപ്പനി, പ്ലേഗ്, പന്നിപ്പനി, എച്ച്.ഐ.വി, എബോള, ആന്ത്രാക്സ് എന്നിവയുടെ വൈറസുകളും വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്.
അമേരിക്കയിലെ അറ്റ്ലാന്റയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് ഈ വൈറസുകൾ സൂക്ഷിക്കുന്ന രണ്ടാമത്തെ ലാബ്.
റഷ്യ മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമ്മിച്ചിരുന്ന കേന്ദ്രമായി കരുതുന്ന വെക്‌ടർ ലാബിലെ സ്ഫോടനം ലോക രാജ്യങ്ങൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ലാബിലെ രോഗാണുക്കളൊന്നും പുറത്തേക്ക് വന്നിട്ടില്ലെന്നാണ് ഔദ്യോഗക റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
റഷ്യയിലെ അതീവ സുരക്ഷാ ആയുധശാലകളിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ തുടർച്ചയാണ് വൈറോളജി ലാബിലെ സ്ഫോടനമെന്ന് റിപ്പോർട്ടുണ്ട്.
റഷ്യയുടെ ജൈവായുധശാല
എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉൾപ്പെടെ പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ച് ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടർ ലാബ്. ഇപ്പോഴും മാരകരോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ട്. 1974ൽ സെന്റർ ഫോർ വൈറോളജി ആൻഡ് ബയോടെക്നോളജി എന്ന പേരിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമ്മിക്കാൻ റഷ്യ സ്ഥാപിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ടെന്നാണു പറയപ്പെടുന്നത്. വസൂരിക്ക് കാരണമായ വരിയോള വൈറസ്, എബോള, ആന്ത്രാക്സ്, പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബിലുണ്ട്.
അതീവ സുരക്ഷാ മേഖലകളിലെ സ്‌ഫോടന പരമ്പര
ആഗസ്റ്റ് 8: വടക്ക് പടിഞ്ഞാറൻ റഷ്യയിലെ ന്യോനോക്സയിൽ ബാലിസ്റ്റിക് ആണവമിസൈൽ കേന്ദ്രത്തിൽ സ്ഫോടനം. അഞ്ച് ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു. ആണവ പ്രസരണത്തെത്തുടർന്ന് ജനങ്ങളെ ഒഴിപ്പിച്ചു
ആഗസ്റ്റ് 5: സൈബീരിയയിലെ കമനേകയിലുള്ള ആയുധശാലയിൽ പൊട്ടിത്തെറി.
ജൂലായ് 1: ആണവ ചാര അന്തർവാഹിനിയിൽ സ്ഫോടനം. 14 മരണം.