അയിലം -പൊയ്കമുക്ക് റോഡുവഴി ബസ് സർവീസ് വേണം
മുടപുരം: മുദാക്കൽ പഞ്ചായത്തിലെ അയിലം - കാറ്റാടിപൊയ്ക - പൊയ്കമുക്ക് റോഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. അയിലം ജംഗ്ഷനിൽ നിന്ന് നഗരൂർ പോകുന്ന റോഡിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് അയിലം പാലം നിർമിച്ചപ്പോൾ ഈ റോഡുവഴി ബസ് സർവീസുകൾ ആരംഭിക്കുമെന്നും നാട്ടുകാരുടെ യാത്രാക്ലേശത്തിന് ശമനമുണ്ടാകുമെന്നും നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. എൻ.രാജൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് പാലം നിർമ്മാണം ആരംഭിച്ചത്. നിലവിലെ എം.എൽ.എ വി.ശശിയുടെ ശ്രമഫലമായി 7 വർഷം മുമ്പ് 2019ൽ പാലം പണിപൂർത്തിയാക്കുകയും ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തു. നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഇവിടെ പാലം നിർമ്മിക്കണമെന്നത്. പാലം വന്നെങ്കിലും ബസ് സർവീസ് ഇല്ലാത്തത് നാട്ടുകാരെ നിരാശരാക്കി.
പാലം പണിതത്..... 2019ൽ
കാൽനട ശരണം
നിലവിൽ നാട്ടുകാർക്ക് ബസ്‌യാത്ര ചെയ്യണമെങ്കിൽ അയിലം ജംഗ്ഷനിലെത്താൻ നടന്നോ ഒാട്ടയിലോ പോകണം. അല്ലെങ്കിൽ കൊടുവഴന്നൂരിൽ പോകണം. ഇത്തരത്തിൽ അയിലത്തു ചെന്ന് കിളിമാനൂർ പോകാൻ 23 കിലോമീറ്റർ യാത്ര ചെയ്യണം. എന്നാൽ അയിലം പാലം വഴി ബസ്സ് വന്നാൽ 8 കിലോമീറ്റർ യാത്രമതി. നേരത്തേ ഇതുവഴി ഒരു കെ.എസ്.ആ.ടി.സി ബസ്സ് സർവീസ് ഉണ്ടായിരുന്നെങ്കിലും കൊവിഡ് സമയത്ത് നിറുത്തലാക്കിയിരുന്നു.
സർവീസ് വേണം
സ്വകാര്യ ബസ്സുകൾക്ക് ഇതുവഴി സർവീസില്ല. ഇളമ്പ ഗവ .ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത് ഈ റോഡരികിലാണ്. ഈവഴി ബസ് സർവീസില്ലാത്തതിനാൽ വിദ്യാർത്ഥികളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നുണ്ട്. കിളിമാനൂർ, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നായി ബസ് സർവീസ് ആരംഭിക്കണമെന്നാണ് പൊതുവായ ആവശ്യം.
ആവശ്യങ്ങൾ ഇങ്ങനെ
രാവിലെ 6.50 ന് കിളിമാനൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ഇളമ്പ ഹയർസെക്കൻഡറി സ്കൂൾ,അയിലം പാലം, വാളക്കാട്, ഊരുപൊയ്ക,ചെമ്പകമംഗലം,മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം.
രാവിലെ 8.50ന് ആറ്റിങ്ങൽ നിന്ന് അയിലം,ഇളമ്പ ഹയർ സെക്കൻഡറി സ്കൂൾ, വാളക്കാട്,വലിയകുന്ന് വഴി ആറ്റിങ്ങൽ.
വൈകിട്ട് 3.30ന് തിരുവനന്തപുരത്തു നിന്നു ആരംഭിച്ച് 4.30ന് സ്കൂളിന് മുന്നിൽ എത്തുന്ന സർവീസ്.
ഇത്തരത്തിൽ മൂന്ന് സർവീസ് ആരംഭക്കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാരും ഹയർസെക്കൻഡറി സ്കൂൾ അധികൃതരും എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.