നഗരസഭാ പ്രതിനിധിസംഘത്തിന് സ്വീകരണം
മട്ടന്നൂർ: കേന്ദ്ര സർക്കാരിന്റെ 'പ്രോമിസിംഗ് സ്വച്ഛ് ഷെഹർ ഓഫ് കേരള' പുരസ്‌കാരം ഏറ്റുവാങ്ങി എത്തിയ മട്ടന്നൂർ നഗരസഭാ പ്രതിനിധി സംഘത്തിന് കൗൺസിലർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാ ഓഫീസ് പരിസരത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘത്തെ വരവേറ്റു.ചെയർമാൻ എൻ.ഷാജിത്ത്, വൈസ് ചെയർപേഴ്സൺ ഒ.പ്രീത, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ,സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മജീദ്,വി.കെ.സുഗതൻ,പി.ശ്രീനാഥ്,പി.പ്രസീന,പി.അനിത, കൗൺസിലർമാരായ പി.രാഘവൻ,പി.പി.ജലീൽ,ക്ലീൻസിറ്റി മാനേജർ കെ.കെ.കുഞ്ഞിരാമൻ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ശുചിത്വമാലിന്യസംസ്‌ക്കരണ രംഗത്ത് ദേശീയ പുരസ്‌കാരം നേടിയ നഗരസഭ നേട്ടങ്ങൾ നിലനിർത്താൻ ശ്രമിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാവരുടെയും ഒറ്റക്കെട്ടായ ശ്രമമാണ് അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിച്ചത്. ഇത് നിലനിർത്താൻ എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.