ആർ.ടി.ഒ ഓഫീസുകളിൽ മിന്നൽ പരിശോധന ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്
കാസർകോട് ആർ.ടി.ഒ ഓഫീസിൽ നിന്നും 21020 രൂപ പിടികൂടി
കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ ഓഫീസിൽ ഹിയറിംഗ് കഴിഞ്ഞ അപേക്ഷകൾ സൂക്ഷിച്ച നിലയിൽ
,വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഏജന്റുമാർ വൻതുക അയച്ചുകൊടുത്തതായും കണ്ടെത്തി
കാസർകോട്: സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ വീൽസ്' പരിശോധനയുടെ ഭാഗമായി കാസർകോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫീസുകളിൽ കാസർകോട് വിജിലൻസ് ആൻറ് ആന്റി കറപ്ക്ഷൻ യൂണിറ്റ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണനും സംഘവുമാണ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ഏജന്റുമാരിൽ നിന്നും വൻ തുകകളും വാഹന സംബന്ധമായ രേഖകളും പിടിച്ചെടുത്തു.
കാസർകോട് ആർ.ടി.ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ 21,020 രൂപയും രേഖകളും ഏജന്റുമാരിൽ നിന്നും കണ്ടെത്തി. കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ ഓഫീസിൽ നിന്നും ഹിയറിംഗ് കഴിഞ്ഞ അപേക്ഷകൾ ഓഫീസിൽ സൂക്ഷിച്ചതായും വെള്ളരിക്കുണ്ട് സബ് ആർ ടി ഒ ഓഫീസിൽ ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് വൻതുകകൾ ഏജന്റുമാർ അയച്ചു കൊടുത്തതായും കണ്ടെത്തി.കൈക്കൂലി പണം ഗൂഗിൾപെ വഴിയാണ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിവൈ.എസ്.പി ഉണ്ണികൃഷ്ണന് പുറമെ കോഴിക്കോട് എൻ ആർ കെ ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, കാസർകോട് ഇൻസ്പെക്ടർ പി. നാരായണൻ എന്നിവർ വിവിധ ഓഫീസുകളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധന സംബന്ധിച്ച വിശദമായ നടപടി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.