മുൻ എ.ഡി.എമ്മിന്റെ മരണം: നേരത്തെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ വിഷയത്തിൽ പാർട്ടി തുടക്കം മുതൽ തന്നെ കൃത്യമായ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും നേതാക്കൾ അഭിമുഖത്തിൽ എന്തെങ്കിലും അഭിപ്രായങ്ങൾ പറഞ്ഞുവെങ്കിൽ അത് പാർട്ടിയുടെ നയമല്ല.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിനിടെയുള്ള കാര്യങ്ങൾ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റവന്യുമന്ത്രിയെ അറിയിച്ചുവെന്നതിനെ കുറിച്ച് ജില്ലയിലെ പാർട്ടി മറുപടി പറയേണ്ട കാര്യമില്ല.അതിനെ കുറിച്ച് പ്രതികരിക്കേണ്ടത് മന്ത്രിയാണ്. പെട്രോൾ പമ്പുടമ ടി.വി.പ്രശാന്തൻ മാത്രമല്ല സാധാരണക്കാരുൾപ്പെടെ പലരും പല വിഷയങ്ങളിലും പാർട്ടി ജില്ലാ സെക്രട്ടറി കാണാൻ വരാറുണ്ട്. പ്രശാന്തൻ വന്നു കണ്ട കാര്യം അന്വേഷണസംഘത്തിനെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പാർട്ടി കൂടുതൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.