പൊതുശുചിത്വത്തിൽ ഇനിയും മുന്നേറണം
വടക്കാഞ്ചേരി: പൊതുശുചിത്വത്തിന്റെ കാര്യത്തിൽ കേരളം ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് മന്ത്രി എം.ബി രാജേഷ്. ജനകീയ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കാഞ്ചേരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമ്മ സേനയ്ക്ക് മാലിന്യം നൽകുന്നതിൽ വീഴ്ച പാടില്ല. മാലിന്യ പ്ലാന്റുകൾക്കെതിരെ നടക്കുന്ന സമരങ്ങൾ കാപട്യമാണെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിക്ഷേപകർക്കെതിരെ കണ്ണിൽ ചോരയില്ലാത്ത വിധം പിഴ ഈടാക്കണം. ഇതുകൊണ്ട് വോട്ട് നഷ്ടപ്പെടുമെന്ന ചിന്തവെച്ചു പുലർത്തരുത്. മാലിന്യമുക്ത കേരളത്തിന് മലയാളിയുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സരേന്ദ്രൻ അദ്ധ്യക്ഷനായി. ഒ.ആർ.ഷീലാ മോഹൻ,എം.ആർ.അനൂപ് കിഷോർ,എ.എം ജമീലാബി,പി. ആർ.അരവിന്ദാക്ഷൻ,സ്വപ്ന ശശി,സി.വി.മുഹമ്മദ് ബഷീർ, എസ്.എ.എ.ആസാദ്,സന്ധ്യ കൊടയ്ക്കാടത്ത്,കെ.കെ. മനോജ്,ദിദിക,അരുൺ വിൻസന്റ്,എൻ.കെ.പ്രമോദ് കുമാർ,അജീഷ് കർക്കിടകത്ത്, സിദ്ദിഖ് എന്നിവർ സംസാരിച്ചു.