ട്രാഫിക് വാ‌ർഡൻമാരുടെ നിയമനം വൈകും. ഗതാഗതനിയന്ത്രണത്തിന് പൊലീസ്

Sunday 20 July 2025 12:31 AM IST

ആലപ്പുഴ : കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗത പരിഷ്കാരം നടപ്പാക്കാൻ മൂന്നാഴ്ച പൊലീസിനെ നിയോഗിക്കാൻ ധാരണ. ട്രാഫിക് വാർഡൻമാരുടെ നിയമനം വൈകുന്ന സാഹചര്യത്തിലാണ് പൊലീസിന് ചുമതല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ട്രാഫിക് പൊലീസും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് തീരുമാനം. മൂന്നാഴ്ചയ്ക്കകം പൊലീസ് നിർദേശിച്ചിരിക്കുന്ന എട്ട് പോയിന്റുകളിൽ മൂന്ന് ടേണുകളിലായി ഗതാഗത നിയന്ത്രണത്തിന് 30 ട്രാഫിക് വാർഡൻമാരെ കെ.ആർ.എഫ്.ബിയോ കരാർ കമ്പനിയോ നിയമിക്കണം.

ട്രാഫിക് വാർഡൻമാരുടെ നിയമനത്തിന് കിഫ്.ബിയ്ക്ക്നൽകിയ ശുപാർശയ്ക്ക് ഇതിനോടകം അംഗീകാരം വാങ്ങിയാൽ മാത്രമേ ഇത് സാദ്ധ്യമാകൂ. കോടതിപ്പാലം നവീകരണത്തിനായി കനാലിന്റെ തെക്കേക്കരയിലെ റോഡ് അടയ്ക്കുകയും പാലം പൊളിക്കുകയും ചെയ്യുന്നത് നെഹ്രുട്രോഫി വള്ളംകളിയും ഓണാഘോഷവുമുൾപ്പെടെ തിരക്കേറിയ നാളുകളിൽ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും.

ഗതാഗത പരിഷ്കരണത്തിന്റെ ട്രയൽ റൺ 22, 23 തീയതികളിലാണ് തീരുമാനിച്ചിട്ടുള്ളത്. ട്രയൽ റണ്ണിന് ശേഷം ഔട്ട്പോസ്റ്റ്, വൈ.എം.സി.എ എന്നിവിടങ്ങളിൽ റോഡ് അടച്ചശേഷം ഗതാഗതം പിച്ചു അയ്യർ, മുല്ലയ്ക്കൽ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്, കെ.എസ്.ആർ.ടി.സി , ചുങ്കം, കല്ലുപാലം, ഇരുമ്പ് പാലം, വൈ.എം.സി.എ വഴി തിരിക്കും. മുഹമ്മ റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ കൈചൂണ്ടി ജംഗ്ഷനിൽ തിരിഞ്ഞ് കനാൽക്കര വഴി വൈ.എം.സി.എ യിലെത്തിയാണ് നഗരത്തിൽ പ്രവേശിക്കേണ്ടത്. തെക്കേക്കരയിലെ റോഡ് അടയ്ക്കുന്നതിന് പിന്നാലെ കോടതിപ്പാലം പൊളിക്കാനുള്ള നടപടികളും ആരംഭിക്കും. സിവിൽ സ്റ്റേഷൻ, പുന്നമട ഭാഗത്തേക്കുളള വാഹനങ്ങൾ ഔട്ട് പോസ്റ്റ് ഭാഗത്തെ താൽക്കാലിക പാലത്തിലൂടെ കടത്തിവിടും.