അൻഷാദ് ഓടിയെത്തി, മധുകുമാറിന് ജീവൻ തിരികെ ലഭിച്ചു

Sunday 20 July 2025 12:32 AM IST

മാന്നാർ: മാസവാടക വാങ്ങുന്നതിനായി വീട്ടിലെത്തിയ കേബിൾ ടി.വി ഓപ്പറേറ്റർ കുഴഞ്ഞ് വീണ ഗൃഹനാഥന്റെ രക്ഷകനായി. പരുമല തിക്കപ്പുഴയിൽ കേരളവിഷൻ കേബിൾ ഫ്രാഞ്ചൈസിയായ സെവൻ സ്റ്റാർ കേബിളിന്റെ പാർട്ണറും മാദ്ധ്യമ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദ് മാന്നാർ, തന്റെ കേബിൾ സിഗ്നൽ ഉപയോഗിക്കുന്നതിന്റെ മാസവരി വാങ്ങുന്നതിനായിട്ടാണ് കഴിഞ്ഞ ദിവസം പരുമല നന്ദനത്തിൽ വീട്ടിൽ എത്തിയത്. ഗൃഹനാഥനായ മധു കുമാറിന് സുഖമില്ലെന്ന് ഭാര്യ അറിയിച്ചതിൻ പ്രകാരം പിന്നീട് വരാമെന്ന് പറഞ്ഞ് തന്റെ സ്കൂട്ടറുമെടുത്ത് ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങുമ്പോഴായിരുന്നു ആ വീട്ടിൽ നിന്നും കരച്ചിലും ബഹളവും ഉയർന്നത് അൻഷാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഗൃഹനാഥനും ഭാര്യയും മകളും മാത്രമാണ് വീട്ടിലുള്ളതെന്ന് അറിയാവുന്ന അൻഷാദ് സ്കൂട്ടർ റോഡിൽ വെച്ചശേഷം വീടിനുള്ളിലേക്ക് ഓടിക്കയറി ചെല്ലുമ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന മധുകുമാറിനെ ഭാര്യ താങ്ങിയെടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഷുഗർ കുറഞ്ഞതാകാമെന്ന് പറഞ്ഞ് ഗ്ലൂക്കോസ് ഉൾപ്പെടെയുള്ളവ അദ്ദേഹത്തിന് കൊടുക്കുന്നുമുണ്ട്. കൂടെച്ചേർന്ന് ഗൃഹനാഥനെ താങ്ങിയെടുക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ അൻഷാദ് തന്റെ സഹപ്രവർത്തകരെ ഫോണിൽ വിവരമറിയിച്ചു. നിമിഷനേരങ്ങൾക്കുള്ളിൽ അവർ അടുത്തുള്ള ആളുകളെയും കൂട്ടി വീട്ടിലെത്തി. എല്ലാവരും ചേർന്ന് ഗൃഹനാഥനെ കോരിയെടുത്ത് മുറ്റത്ത് കിടന്ന കാറിൽ കയറ്റി അൻഷാദ് തന്നെ ഓടിച്ച് പരുമല ആശുപത്രിയിൽ എത്തിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞ് പോയതാണ് കാരണമെന്ന് പറഞ്ഞ ഡോക്ടർമാർ പെട്ടെന്ന് പ്രാഥമിക ചികിൽസ നൽകി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. സമയത്ത് രോഗിയെ ആശുപത്രിയിൽ എത്തിച്ചതിന് അൻഷാദിനെ അഭിനന്ദിക്കുകയും ചെയ്തു. വൈകിട്ട് ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ ശേഷം വിമുക്തഭടനായ മധു കുമാർ ഫോണിൽ വിളിച്ച് അൻഷാദിന് തന്റെയും കുടുംബത്തിന്റെയും നന്ദി അറിയിച്ചു. ഇതിന് മുൻപും ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള അൻഷാദിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രശംസാ പത്രം ലഭിച്ചിട്ടുണ്ട്. മാന്നാർ മീഡിയ സെന്റർ സെക്രട്ടറിയും കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗവുമായ അൻഷാദ് മാന്നാർ മുസ്ലിം ജമാഅത്ത് കൗൺസിൽ അംഗം, കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.