എറണാകുളം - കൊല്ലം മെമു ഒറ്റ സർവീസാക്കണമെന്ന് യാത്രക്കാർ
കൊച്ചി : തീരദേശ പാതയിൽ വൈകിട്ട് നാലുമണിക്ക് സർവീസ് ആരംഭിക്കുന്ന എറണാകുളം-കൊല്ലം മെമു പഴയതുപോലെ ഒറ്റ സർവീസായി നടത്തണമെന്ന ആവശ്യത്തിൽ പരിഹാരം ഇനിയും അകലെ. എറണാകുളത്ത് നിന്ന് നാലുമണിക്ക് പുറപ്പെട്ട് ആലപ്പുഴ വഴി കൊല്ലത്ത് എത്തിയിരുന്ന മെമു രണ്ട് വർഷം മുമ്പാണ് എറണാകുളം- ആലപ്പുഴ, ആലപ്പുഴ- കൊല്ലം എന്നിങ്ങനെ രണ്ട് സർവീസുകളാക്കി വിഭജിച്ചത്.
ഒരു ട്രെയിൻ ആലപ്പുഴയിൽ വന്ന് നിറുത്തിയ ഉടൻ തന്നെ യാത്രക്കാർ അടുത്ത ട്രെയിനിലേക്ക് ഓടിക്കയറേണ്ട അവസ്ഥയാണിപ്പോൾ. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് ട്രെയിൻ എത്തുന്നതിന് മുമ്പ് തന്നെ കൊല്ലത്തേക്കുള്ള മെമു പുറപ്പെട്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് ആലപ്പുഴയിൽ വൈകിട്ട് 5.30ന് എത്തേണ്ട മെമു മറ്റ് ട്രെയിനുകൾക്കായി ചേർത്തല, തുറവൂർ എന്നിവിടങ്ങളിൽ പിടിച്ചിടേണ്ടിവരുന്നതുമൂലം മിക്കപ്പോഴും വൈകും. 5.35ന് ആലുഴ - കൊല്ലം മെമു പുറപ്പെടുകയും ചെയ്യും. ആലപ്പുഴയിൽ എത്തുന്ന മെമു 6.20നാണ് തിരികെ എറണാകുളത്തേക്ക് സർവീസ് നടത്തുക.
യാത്രക്കാരുടെ പരക്കംപാച്ചിൽ
എറണാകുളം-ആലപ്പുഴ മെമു ആലപ്പുഴയിൽ എത്തുമ്പോഴേക്കും യാത്രക്കാർ വാതിലിൽ തടിച്ച് കൂടിയിരിക്കും
കൊല്ലത്തേക്കുള്ള ട്രെയിനിലേക്ക് കയറാൻ പിന്നെ വലിയ തിക്കും തിരക്കുമാണനുഭവപ്പെടുന്നത്
പ്രായമായവരും കുട്ടികളുമായി യാത്ര ചെയ്യുന്നവരുമടക്കം ഇതിനിടയിഅപ്പെട്ട് ഏറെ ബുദ്ധിമുട്ടുന്നുണ്ട്
ട്രെയിനിലേക്ക് കയറാനുള്ള തപ്പ്രപ്പാടിനിടെ പലരും പ്ലാറ്റ്ഫോമിൽ വീഴാറുമുണ്ട്
എറണാകുളം-കൊല്ലം മെമു സർവീസ് ഒറ്റ സർവീസാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ പരിഹാരം കണ്ടിട്ടില്ല
- പി.എം. നൗഷിൽ, ജില്ലാസെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽ