കണ്ണ് കെട്ടി കളരിയിൽ കസറും സാത്വിക
തിരുവനന്തപുരം: ആദ്യം കണ്ണ് കെട്ടും.കാത് കൂർപ്പിക്കും.എതിരെ നിൽക്കുന്നയാൾ അനങ്ങുന്ന ശബ്ദം കേട്ട് വാൾ വീശും. കുരുന്ന് സാത്വികയുടെ അടിയും തടവും കണ്ട് കാണികൾ ശ്വാസമടക്കും.കുമാരപുരം മരിയൻ വില്ലയിലെ മൂന്നാംക്ലാസുകാരി സാത്വിക പ്രവീൺ കളരിപ്പയറ്റിൽ താരമാണ്. മൂന്നര വയസുമുതൽ കളരി അഭ്യസിക്കുകയാണ്. കാർട്ടൂണിൽ ഗുസ്തി പ്രകടനങ്ങൾ കണ്ടാണ് കളരിയോട് താത്പര്യം തോന്നിയതെന്ന് സാത്വിക പറയുന്നു. ഇപ്പോൾ സാധാരണ അഭ്യാസമുറകൾക്ക് പുറമേ, കണ്ണുകെട്ടിയുള്ള കുറുവടിപ്പയറ്റിലും സാത്വിക തിളങ്ങുന്നു. ഒരു മിനിറ്റ് എട്ടു സെക്കൻഡ് കണ്ണുകെട്ടി ഗുരുക്കളായ രാജേഷിനൊപ്പം കുറുവടിപ്പയറ്റ് നടത്തിയതിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും സാത്വിക ഇടം നേടി. ഇതിനോടകം 50ഓളം വേദികളിൽ കളരി അവതരിപ്പിച്ചിട്ടുണ്ട്. വികാസ്ഭവൻ ശ്രീചക്രാ സ്കൂൾ ഒഫ് കളരിപ്പയറ്റിലാണ് കളരി പഠിച്ചു തുടങ്ങിയത്. സാഹസികമായ അടവുകൾ പയറ്റുമ്പോൾ ഭയം തോന്നിയിട്ടില്ലേ എന്ന് ചോദിച്ചാൽ കുസൃതിച്ചിരിയോടെ സാത്വിക ഇല്ലെന്ന് തലയാട്ടും.ചുവടിന്റെ ശബ്ദം കേട്ടാണ് ഒഴിഞ്ഞുമാറുന്നത്.എല്ലാ ദിവസവും സ്കൂൾ കഴിഞ്ഞ് വൈകിട്ടാണ് പ്രാക്ടീസ് ചെയ്യുന്നത്.പഠിക്കാനും സാത്വിക മിടുക്കിയാണ്.
നേവി മോഹം
വലുതാകുമ്പോൾ നേവി ഉദ്യോഗസ്ഥയാകാനാണ് ആഗ്രഹം. പേട്ട പുള്ളി ലെയ്നിലാണ് താമസം. അച്ഛൻ പ്രവീൺ(ഫാർമ മാനേജർ), അമ്മ ശീതൾ(ഫാർമസിസ്റ്റ്). സഹോദരി സമന്വിത. പ്രശസ്ത കലാകാരനായ കരിക്കകം ത്രിവിക്രമന്റെ കൊച്ചുമകളാണ് സാത്വിക. മുത്തച്ഛനും പണ്ട് കളരി ചെയ്യുമായിരുന്നു.