ബേക്കറിയിൽ മോഷണം; കോഴിക്കോട് സ്വദേശി പിടിയിൽ
ആലുവ: കൊടികുത്തുമലയിൽ റിയാദ് ബേക്കറിയിൽ നിന്ന് പണം കവരുന്നതിനിടെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ആലങ്ങാട് വാടകയ്‌ക്ക് താമസിക്കുന്ന കോഴിക്കോട് ശിവപുരം ഇയ്യാട് കിഴക്കേ തോട്ടയിൽ വീട്ടിൽ ടി.വി. അജയ് കുമാർ (31) ആണ് എടത്തല പൊലീസിന്റെ പിടിയിലായത്.
ബേക്കറി ഉടമ കൊടികുത്തുമല ആഞ്ഞിലിമൂട്ടിൽ ജാസൽ വെള്ളിയാഴ്ച്ച ജുമാ നമസ്കാരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കടയുടെ ഷട്ടർ താഴ്‌ത്തിയിരുന്നു. എന്നാൽ ഷട്ടർ തുറന്ന് ഒരാൾ അകത്തേക്ക് കയറുന്നത് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച സി.സി ടി.വി ക്യാമറയിലൂടെ ജാസൽ കണ്ടു. തുടർന്ന് കടക്ക് സമീപത്തെ ബന്ധുക്കളെ ജാസൽ ഫോൺ മുഖേന വിവരമറിയിച്ചാണ് പിടികൂടിയത്.
ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് 75,000 രൂപ കവർന്ന കേസിൽ പ്രതിയാണ്. മാവൂർ, പൊന്നാനി, പനമരം, വഴിക്കടവ് സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്. പല സ്ഥലങ്ങളിലായി കുടുംബസമേതം താമസിച്ച ശേഷമാണ് മോഷണം. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച്ച കസ്റ്റഡി അപേക്ഷ നൽകും. ബിനാനിപുരം പൊലീസും പ്രതിയെ അറസ്റ്റ് ചെയ്യും.
എസ്.ഐമാരായ അരുൺദേവ്, ഷൈജൻ കുമാർ, സീനിയർ സി.പി.ഒ സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.