കരുണാനിധിയുടെ സിംഹാസനത്തിന്റെ നേരവകാശി
ചെന്നൈ: കലാ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മൂത്ത മകൻ മുത്തുവിനെ തന്റെ പിന്തുടർച്ചക്കാരനാക്കണമെന്നാണ് മുത്തുവേൽ കരുണാനിധി ആദ്യകാലത്ത് ആഗ്രഹിച്ചത്. ഗായകനും അഭിനേതാവുമൊക്കെയായിരുന്ന മുത്തു, അച്ഛന്റെ പ്രതീക്ഷകൾക്കനുസരിച്ച് വളർന്നിരുന്നുവെങ്കിൽ എം.കെ.സ്റ്റാലിന് ഇപ്പോൾ ലഭിച്ച മുഖ്യമന്ത്രി കസേര മുത്തുവിന് നേരത്തെ കിട്ടുമായിരുന്നു.
എം.ജി.ആർ സൂപ്പർതാരമായി കത്തി നിൽക്കുന്ന കാലം. സിനിമയിലെ സൂപ്പർതാരത്തിന് തമിഴ്നാട് രാഷ്ട്രീയത്തിൽ പലതും ചെയ്യാനാകുമെന്ന് കണക്കുകൂട്ടിയ കരുണാനിധി മുത്തുവിനെ സിനിമയിലേക്ക് നയിച്ചു. എം.ജി.ആറും കരുണാനിധിയും തമ്മിൽ അകലുന്നതിനുള്ള കാരണങ്ങളിലൊന്ന് 1972ലെ മുത്തുവിന്റെ സിനിമാപ്രവേശമാണ്. കരുണാനിധിയുടെ രചനയിൽ കൃഷ്ണൻ പഞ്ചു എന്നീ ഇരട്ട സംവിധായകർ ഒരുക്കിയ പിള്ളയോ പിള്ളൈ എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു മുത്തുവിന്റെ തുടക്കം. എം.എസ്. വിശ്വനാഥൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ മുത്തു ആലപിക്കുകയും ചെയ്തു. ചിത്രത്തിന്റെ പൂജ ഉദ്ഘാടനം ചെയ്തത് എം.ജി.ആറായിരുന്നു. മുത്തുവിന് അദ്ദേഹം ഒരു വാച്ച് സമ്മാനമായി നൽകിയത് അന്ന് വലിയ വാർത്തയായിരുന്നു. സി.ആർ.വിജയകുമാരി നായികയായി എത്തിയ പിള്ളയോ പിള്ളൈ വിജയമായിരുന്നു.
അടുത്ത വർഷം കൃഷ്ണൻ-പഞ്ചു തന്നെ സംവിധാനം ചെയ്ത പൂക്കാരിയും ഹിറ്റായി. എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ആ ചിത്രത്തിലും അടുത്തുവന്ന ചിത്രങ്ങളിലും മുത്തുവിനെ അവതരിപ്പിച്ചത്. ഇത് എം.ജി.ആറും കരുണാനിധിയും അകലുന്നതിന് കാരണമായി.
അക്കാലത്താണ് സി.എൻ. അണ്ണാദുരൈയുടെ മരണശേഷം പാർട്ടിയിൽ അഴിമതി വളർന്നുവെന്ന് എം.ജി.ആർ ആരോപിക്കുന്നത്. തുടർന്ന് എം.ജി.ആറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീടാണ് അണ്ണാ ഡി.എം.കെയുടെ രൂപീകരണം. തുടർന്ന് എം.ജി.ആർ അഭിനയിച്ച നേട്രു ഇൻട്രു നാളൈ (1974), ഇദയകനി (1975), ഇൻട്രു പോൽ എൻട്രു വാഴ്ക (1977) തുടങ്ങിയ സിനിമകളിലൂടെ തന്റെ പാർട്ടിയുടെ ആശയം കൂടി എം.ജി.ആർ പ്രചരിപ്പിച്ചു.
മുത്തുവിനാകട്ടെ, 1975ൽ പുറത്തിയ അനിയ വിളക്കുവിന് ശേഷം സിനിയിൽ ഒരു ഹിറ്റുണ്ടാക്കാനായില്ല. 1977ൽ എല്ലാം അവളെ എന്ന സിനിമയോടെ അഭിനയരംഗം വിട്ടു. അതേ വർഷമാണ് എം.ജി.ആർ മുഖ്യമന്ത്രിയാകുന്നത്.
പിന്നീട് കുടുംബത്തിലെ കലഹം മുത്തുവിനെ കരുണാനിധിയിൽ നിന്നും അകറ്റി. അണ്ണാ ഡി.എം.കെയിൽ ചേരാൻ താത്പര്യം കാണിച്ചെങ്കിലും നിരുത്സാഹപ്പെടുത്തിയത് എം.ജി.ആറായിരുന്നു. എം.ജി.ആറിന്റെ മരണ ശേഷം ജയലളിത മുത്തുവിന് അണ്ണാ ഡി.എം.കെയിൽ അംഗത്വം നൽകി. പിന്നീട് നിരന്തര രോഗ ബാധിതനായി മുത്തു മാറുകയായിരുന്നു. അതോടെ രാഷ്ട്രീയവും അവസാനിപ്പിച്ചു. ഇതിനിടെ കരുണാനിധി മുത്തുവിനെ സന്ദർശിച്ചതോടെ പിണക്കവും മാറി.
പാട്ടുകളെന്നും ഹിറ്ര്
മുത്തുവിന് 60 വയസ് തികഞ്ഞപ്പോഴാണ് മാട്ടു തവാനി എന്ന ചിത്രത്തിനായി ദേവ ഒരുക്കിയ ഗാനം ആലപിച്ചുകൊണ്ട്പിന്നണി ഗായകനായി തിരിച്ചുവരാൻ ശ്രമിച്ചത്. ആ ഗാനം ഹിറ്റായില്ല. അമ്മാവൻ ചിദംബരം എസ്.ജയരാമനാണ് മുത്തുവിന്റെ സംഗീത ഗുരു.
''കരുണാനിധിയുടെ അച്ഛനായ മുത്തുവേലരുടെ പേരിൽനിന്നാണ് മുത്തുവിന്റെ പേര് എടുത്തത്. കലൈഞ്ജരെപ്പോലെ അദ്ദേഹവും തിയറ്റർ രംഗത്തെത്തി. ദ്റാവിഡർക്കുവേണ്ടി പ്രവർത്തിച്ചു. എന്റെ രാഷ്ടീയപ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓർമകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും""– എം.കെ.സ്റ്റാലിൻ