എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, കെഎസ്ഇ‌ബിയെയും  സ്‌കൂൾ  മാനേജ്‌മെന്റിനെയും  പൊലീസ്  പ്രതിചേർക്കും

Sunday 20 July 2025 8:39 AM IST

കൊല്ലം: തേവലക്കര സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിയെയും സ്‌കൂൾ മാനേജ്‌മെന്റിനെയും പൊലീസ് പ്രതിചേർക്കുമെന്ന് വിവരം. സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിനായി ശാസ്‌‌താംകോട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്‌താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥനെന്നും വിവരമുണ്ട്.

സ്‌കൂൾ അധികൃതരെ അറിയിച്ചുവെന്നതൊഴിച്ചാൽ ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കാൻ കഴിയുമെന്ന് മുൻ വൈദ്യുതി ബോർഡ് ഡയറക്ടറും ചീഫ് സേഫ്ടി കമ്മിഷണറുമായിരുന്ന ആർ.സുകു കേരളകൗമുദിയോട് വ്യക്തമാക്കിയിരുന്നു. ലൈൻമാൻ, ഓവർസിയർ, സബ് എഞ്ചിനീയർ, അസി.എഞ്ചിനീയർ എന്നിവർക്ക് വിഷയത്തിൽ ഗൗരവമായ പങ്കുണ്ട്. ലൈനിൽ സ്പേസർ സ്ഥാപിച്ച കാലം മുതലുള്ള ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കാമെന്നും വിവരമുണ്ട്.

വൈദ്യുതി ബോർഡ് ജീവനക്കാർക്ക്

ബാധകമാകുന്ന കുറ്റങ്ങൾ

1. ചട്ട വിരുദ്ധമായി സ്കൂൾ കോമ്പൗണ്ടിൽ വൈദ്യുതി ലൈൻ വലിച്ചത്

2. വൈദ്യുതി ലൈനിന് തറ നിരപ്പിൽ നിന്ന് വേണ്ടുന്ന അകലമില്ല

3. സ്കൂളിലെ ഷെഡിന് മുകളിൽ നിന്നും നിയമപരമായി വേണ്ടുന്ന അകലമില്ല

4. അപകടകരമായ വൈദ്യുതി ലൈനിൽ നിയമനടപടി സ്വീകരിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ല

5. പോസ്റ്റുകളുടെ അകലം അനുവദനീയമായതിലും കൂടുതലാണ്

6. കുട്ടിക്ക് ഷോക്കേറ്റുവെന്ന പോസ്റ്റുമോർട്ടം റിപ്പോ‌ർട്ട്

7. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്

8. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച

9. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ നേരത്തേതന്നെ വിഷയം അറിഞ്ഞിരുന്നുവെന്നും സ്കൂൾ അധികൃതരെ അറിയിച്ചെന്നുമുള്ള മൊഴികൾ ഉള്ളതിനാൽ മേൽപ്പറഞ്ഞ കുറ്റങ്ങൾ സാധൂകരിക്കും

10. വൈദ്യുതി ലൈൻ കൂട്ടിമുട്ടാതിരിക്കാൻ ലൈനിൽ ഷെഡിന് മുകളിൽ സ്പേസർ സ്ഥാപിച്ചു

11. ഈ പ്രവൃത്തി ചെയ്തപ്പോൾ തന്നെ അപകടാവസ്ഥ ഉദ്യോഗസ്ഥർക്ക് നേരത്തേ ബോദ്ധ്യപ്പെട്ടിരുന്നുവെന്നത് വ്യക്തം