30 വർഷമായി ഇന്ത്യയിൽ താമസം, 'നേഹ' ബംഗ്ളാദേശിയായ കലാം ആണെന്ന് കണ്ടെത്തി പൊലീസ്

Sunday 20 July 2025 10:52 AM IST

ഭോപ്പാൽ: ഇന്ത്യയിൽ കഴിഞ്ഞ 30 വർഷമായി ട്രാൻസ്‌ജൻഡർ സ്ത്രീയായി ജീവിക്കുകയായിരുന്ന വ്യക്തി ബംഗ്ലാദേശ് സ്വദേശിയായ പുരുഷനെന്ന് കണ്ടെത്തി പൊലീസ്. ഭോപ്പാലിൽ നേഹ എന്ന പേരിൽ താമസിക്കുകയായിരുന്ന സ്ത്രീ, ബംഗ്ളാദേശിയായ അബ്‌ദുൽ കലാം ആണെന്നാണ് ഭോപ്പാൽ പൊലീസ് കണ്ടെത്തിയത്. ഇതോടെ അനധികൃത കുടിയേറ്റം, ആൾമാറാട്ടം എന്നിവ സംശയിക്കുകയാണ് പൊലീസ്. കലാമിനെ 30 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയതായി പൊലീസ് വ്യക്തമാക്കി.

പത്താമത്തെ വയസിലാണ് കലാം ഇന്ത്യയിലെത്തിയത്. തുടർന്ന് 20 വർഷം മുംബയിൽ ജീവിച്ചു. അതിനുശേഷമാണ് ഭോപ്പാലിലെ ബുദ്ധ്‌വാരയിലെത്തിലത്. ഇവിടെവച്ച് ട്രാസ്‌ജൻഡറായി രൂപമാറ്റം നടത്തുകയും പ്രദേശത്തെ ഹിജഡ സംഘത്തിൽ സജീവ പ്രവർത്തകയായി മാറുകയും ചെയ്തു. ഇതിനിടെ ആധാർ, റേഷൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവും സ്വന്തമാക്കി. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശ യാത്രകൾ നടത്തിയെന്നും പൊലീസ് പറഞ്ഞു. എല്ലാവരോടും നേഹ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ഭോപ്പാലിൽ തന്നെ പലതവണ വീട് മാറി താമസിച്ചു. പത്ത് വർഷത്തിലേറെയായി ഭോപ്പാലിൽ താമസിച്ചുവരികയായിരുന്നു. ഇയാൾ ജൈവശാസ്ത്രപരമായി ട്രാൻസ്‌ജെൻഡറാണോ അതോ വ്യക്തിത്വം മറച്ചുവച്ചതാണോ എന്ന് നിർണയിക്കാൻ വൈദ്യ പരിശോധനകൾ നടത്തിവരികയാണ് പൊലീസ്.

ഇയാൾ മഹാരാഷ്‌ട്രയിലും ട്രാൻസ്‌‌ജൻഡർ എന്ന പേരിൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ കലാം വലിയൊരു ശൃംഖലയുടെ ഭാഗമാണോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ട്രാൻസ്‌‌ജൻഡർ സംഘങ്ങളിലെ മറ്റുള്ളവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ വ്യാജരേഖകൾ ചമയ്ക്കാൻ സഹായിച്ച രണ്ട് ചെറുപ്പക്കാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ ഫോൺ കോൾ വിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. ഒരു അജ്ഞാതൻ നൽകിയ വിവരത്തെത്തുടർന്നാണ് കലാമിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. കലാം ഇതിനിടെ ബംഗ്ളാദേശിൽ പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാലെ നാടുകടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.