ഈ പേസ്റ്റ് ഉപയോഗിച്ച് നോക്കൂ; മുടികൊഴിച്ചിൽ പൂർണമായി അകലും, തഴച്ചുവളരും

Sunday 20 July 2025 1:12 PM IST

പുതിയ കാലത്ത് ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ് മിക്കവാറും പേരും. ഇതിന്റെ മറ്റൊരു രൂപമാണ് മുടികൊഴിച്ചിൽ. പല രോഗങ്ങളുടെയും ലക്ഷണങ്ങളിൽ ഒന്ന് കൂടിയാണിത്. മാനസിക സമ്മർദ്ദങ്ങൾ മൂലവും പലർക്കും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. മുടികൊഴിച്ചിൽ അകറ്റാൻ പലവിധ പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും ഏറെപ്പേരുണ്ടാവും. മുടി കൊഴിച്ചിലിൽ നിന്ന് രക്ഷപ്പെടാൻ വീട്ടിൽ പരീക്ഷണങ്ങൾ നടത്തിയും മരുന്നുകൾ വാങ്ങിയും കെമിക്കൽ ഡൈ ഉപയോഗിച്ചും മടുത്തവർക്ക് ധൈര്യമായി ശ്രമിച്ചുനോക്കാവുന്ന ഒരു വഴിയുണ്ട്, ഈ പേസ്റ്റ് ഒന്ന് പരീക്ഷിച്ച് നോക്കൂ.

ഉലുവ, വെളിച്ചെണ്ണ, ഉള്ളി നീര് എന്നിവയാണ് ഈ പേസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം ആവശ്യമായ ഉലുവ തലേന്ന് രാത്രിതന്നെ വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം രാവിലെ ഇത് നന്നായി അരച്ചതിനുശേഷം ആവശ്യത്തിന് വെളിച്ചെണ്ണയും ഉള്ളിയുടെ നീരും ചേർക്കുക. ഉള്ളി അരച്ചെടുത്ത് അതിന്റെ നീര് മാത്രമായി അരിച്ചെടുക്കാം. എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം തലയോട്ടിയിലും മുടിയിലുമായി നന്നായി തേച്ചുപിടിപ്പിക്കാം. ഇതിനുമുൻപ് തലേന്നുതന്നെ മുടി നന്നായി തേച്ചുകഴുകി അഴുക്ക് കളയണം.

പേസ്റ്റ് 45 മിനിട്ടുവരെ തലയിൽ ഇട്ടിരുന്നതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിക്കുന്നത് മുടികൊഴിച്ചിൽ പൂർണമായി തടയും. മാത്രമല്ല, മുടി തഴച്ചുവളരുന്നതിനും സഹായിക്കും. അമിതമായി മുടി കൊഴിയുകയാണെങ്കിൽ ഡോക്‌ടറെ സമീപിക്കേണ്ടതാണ്.