'ഒളിക്യാമറയുമായി സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, ആ വികാരങ്ങൾ വിറ്റ് കാശാക്കിയ ആളാണ് സാബുമോൻ'
ഓൺലൈൻ പാപ്പരാസികൾക്കെതിരെ കടുത്ത വിമർശനവുമായി നടൻ സാബുമോൻ അബ്‌ദുസമദ് അടുത്തിടെ രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളുടെ പിന്നാലെ നടന്ന് ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിൽ വീഡിയോ എടുക്കുന്നവർക്കെതിരെയാണ് സാബുമോൻ രംഗത്തെത്തിയത്. ഇത്തരത്തിൽ വീഡിയോ എടുക്കാൻ വരുന്നവരുടെ വീഡിയോ സാബുമോൻ എടുത്തത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
'മുഖമോ അഡ്രസോ ഇല്ലാതെ കാണിച്ചുകൂട്ടുന്ന തോന്നിവാസങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാനുള്ള താൽപ്പര്യം എല്ലാവർക്കുമുണ്ടല്ലോ. ഇവർ കാരണം സോഷ്യൽ മീഡിയയിൽ അഴുക്കാകുകയാണ്. അഭിനേതാക്കളുടെ കാര്യം നോക്കിയാലും സമാധാനത്തോടെ ഒരു സ്ഥലത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഇല്ല. മനുഷ്യരാണ്, വേദിയിൽ ഇരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ വസ്‌ത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെന്നുവരാം. ഇതിനെയെല്ലാം ഷൂട്ട് ചെയ്‌ത് കണ്ടന്റാക്കുകയാണ്. സംഭവിച്ചത് കണ്ടോ എന്ന് ക്യാപ്‌ഷനും ഇടും.
വൃത്തികെട്ട രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്. ഇങ്ങനെയുള്ളവരെ തേടിപ്പിടിച്ച് കാര്യം പറഞ്ഞുമനസിലാക്കണമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഞാനെടുത്ത വീഡിയോ അതിന് ഉപകാരപ്പെടും. ചെയ്യുന്നത് കുറ്റകരമായ കാര്യമാണെന്ന് അവർക്ക് സ്വയം തോന്നുന്നുണ്ട്. അതാണ് ഞാൻ വീഡിയോ എടുത്തപ്പോൾ മുഖംമറച്ചത് ഓടിയത്' - എന്നാണ് അന്ന് സാബുമോൻ പറഞ്ഞത്.
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ. ആരെയും എന്തും പറയാനിരിക്കുന്ന ചിലർ ഉണ്ട്. അവർക്ക് എന്തിനാണ് മാദ്ധ്യമങ്ങൾ അവസരം ഒരിക്കുന്നതെന്നും അഖിൽ മാരാർ ചോദിച്ചു. മാദ്ധ്യമ കണ്ടന്റിലൂടെ ഒരാൾക്കും മോശം ഉണ്ടാകരുത്. സാബുമോൻ ചെയ്തത് ശരിയാണോയെന്ന് ചോദിച്ചാൽ ഇതിന്റെ അപ്പുറം ചെയ്ത ആളാണ് സാബുവെന്നും അഖിൽ കൂട്ടിച്ചേർത്തു.
'സാബുമോൻ ചെയ്തതിനോട് എനിക്ക് യോജിപ്പുണ്ടോയെന്ന് ചോദിച്ചാൽ, ഇതിനപ്പുറം കാണിച്ച ആളാണ് സാബുമോൻ. ഒളിക്യാമറ വച്ച് ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി. അവരുടെ വികാരങ്ങൾ വിറ്റ് കാശാക്കിയ ഒരാളാണ് സാബുമോൻ. അപ്പോൾ സാബു അത് പറയുന്നതിൽ പൂർണ അർത്ഥം ഇല്ല. പക്ഷേ അതേസമയം, അദ്ദേഹം പറയാൻ ഉദ്ദേശിച്ച ഒരു കാര്യം നിങ്ങൾ എല്ലാം ചിന്തിക്കേണ്ടതാണ്. മാദ്ധ്യമങ്ങൾക്ക് ആരുടെ കണ്ടന്റ് വേണമെങ്കിലും എടുക്കാം. പക്ഷേ അത് എടുക്കുന്നതിന് മുൻപ് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ അവർ തയ്യാറാണോയെന്ന് ചോദിച്ചിരിക്കണം. പൊതുവിഷയം പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ജനങ്ങളിൽ എത്തിക്കാം. പക്ഷേ ഒരു സ്ത്രീ നടന്ന് പോകുമ്പോൾ അതിന്റെ വീഡിയോ എടുത്ത് ഇടുന്നത് തെറ്റാണ്'- അഖിൽ മാരാർ പറഞ്ഞു.