കെ.ഫോണിന് പ്രിയമേറി, കൂടുതൽ മേഖലകളിലേക്ക്
കോട്ടയം : കെ.ഫോണിന് പ്രിയമേറിയതോടെ ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതുവരെ 8,000 കണക്ഷൻ നൽകി. 1,900 സർക്കാർ ഓഫീസുകളിലും, 6,100 വീടുകളിലും. ഇതിൽ 171 ബി.പി.എൽ കുടുംബങ്ങളുണ്ട്. കേബിൾ ടി.വി ഓപ്പറേറ്റർമാർ വഴിയാണ് വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വാണിജ്യ കണക്ഷൻ നൽകുന്നത്. 178 ഓപ്പറേറ്റർമാർ കെ.ഫോണുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്നത് നൂറ് ശതമാനത്തിലേക്ക് എത്തുകയാണ്. ഇനി 1.947 കിലോ മീറ്ററിൽ മാത്രമാണ് കേബിൾ സ്ഥാപിക്കാനുള്ളത്. ആകെ 2002.68 കിലോമീറ്ററുണ്ട്. 24 സബ്‌സ്‌റ്റേഷനുകളിൽ കെ ഫോണിന്റെ നെറ്റ്‌വർക്കിംഗ് റൂം പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്ന് 99 ശതമാനം പ്രദേശത്തേയ്ക്കും കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയാണ് കണക്ഷൻ നൽകുന്നത്. വാഗമൺ ഉൾപ്പെടെയുള്ള ചുരുങ്ങിയ ഇടങ്ങളിൽ മാത്രമാണ് കെ.ഫോൺ സ്വന്തമായി പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.
അപേക്ഷിക്കാം കെ.ഫോൺ മൊബൈൽ ആപ്ലിക്കേഷൻ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്. ഇതുവഴി കണക്ഷന് അപേക്ഷിക്കാം. kfon.in വെബ്‌സൈറ്റ് വഴിയും സേവനം ലഭിക്കും. മോഡവും ഇൻസ്റ്റലേഷനും സൗജന്യമാണ്. ടോൾ ഫ്രീ നമ്പർ: 18005704466.