ഹരിതകർമ്മസേനയെത്തും, വിലയും ലഭിക്കും.... ഇ-വേസ്റ്റെടുക്കും ഈസിയായി
കോട്ടയം : വർഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇ - മാലിന്യങ്ങൾ ഇനി പണം വാങ്ങി വിൽക്കാം. ജില്ലയിലെ ഹരിതകർമ്മസേനാംഗങ്ങൾ ഇവ ശേഖരിക്കാനുള്ള നടപടി തുടങ്ങി. ആഗസ്റ്റ് 15 വരെ എല്ലാ നഗരസഭകളിലും ആദ്യഘട്ടമായി പദ്ധതി നടപ്പാക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്ലീൻ കേരള കമ്പനി ഹരിതകർമ്മസേന വഴി ശേഖരിക്കുന്ന ഇ - മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കും. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെ അതതു നഗരസഭകളുടെ നേതൃത്വത്തിലാണ് ശേഖരണം. മുഴുവൻ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കും. സംസ്ഥാനതലത്തിൽ പ്രാഥമികമായി പദ്ധതി ആരംഭിച്ചപ്പോൾ കോട്ടയത്തെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്. വൈക്കം, ചങ്ങനാശേരി നഗരസഭകളിലും കുറിച്ചി പഞ്ചായത്തിലും പരീക്ഷിച്ച് വിജയിച്ചു. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി വൃത്തി കോൺക്ളേവിൽ കുറിച്ചി പഞ്ചായത്ത് മാതൃക അവതരിപ്പിച്ചിരുന്നു.
ശേഖരിക്കുന്നത് 44 ഇനങ്ങൾ
മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും. അപകടകരമല്ലാത്ത ഇലക്ട്രോണിക് - ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങളാണ് ഹരിതകർമ്മസേന വില നൽകി ശേഖരിക്കുന്നത്. വില ലഭിക്കാത്തവയും ശേഖരിക്കും. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിലാണ് വില. പുന:സംസ്‌കരണത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം ലഭിക്കുക. രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും. കമ്പനി സേനാംഗങ്ങൾക്ക് ശേഖരിച്ച ഇ - മാലിന്യങ്ങളുടെ പണം നൽകും.
പരിശീലനം നൽകും
ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുന:സംസ്‌കരണം സാദ്ധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ - മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിശീലനം നൽകും.
വില ലഭിക്കുന്നത്
ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, കമ്പ്യൂട്ടർ
വില ലഭിക്കാത്തത്
സി.എഫ് ലാമ്പ്, സി.ഡി, ഡി.വിഡി, മാഗ്നറ്റിക് ടേപ്പ്, ട്യൂബ്, പ്ളോപ്പി, ടോണർ, കാറ്ററിഡ്ജ്, പിക്ചർ ട്യൂബ്.