ചിരഞ്ജീവി - നയൻതാര ചിത്രം ആലപ്പുഴയിൽ
ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം
ചിരഞ്ജീവി- നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുന്നു. ചിത്രത്തിന്റെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ആലപ്പുഴ. സെയ്‌റ നരസിംഹ റെഡ്ഡി, ഗോഡ് ഫാദർ എന്നീ ചിത്രങ്ങളിൽ ചിരഞ്ജീവിയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്. അതേസമയം ചിരഞ്ജീവി ചിത്രത്തിന് വേണ്ടി പ്രേക്ഷകരുടെ കാത്തിരിപ്പ് രണ്ടുവർഷം പിന്നിടുകയാണ്. 2023 ൽ റിലീസ് ചെയ്ത വാൾട്ടർ വീരയ്യ, ഭോല ശങ്കർ എന്നീ ചിത്രങ്ങളിലാണ് ചിരഞ്ജീവിയെ പ്രേക്ഷകർ അവസാനം കണ്ടത്. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭര എന്ന ചിത്രത്തിന്റെ റിലീസ് നീളുകയാണ്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചിരഞ്ജീവി ആണ് നായകൻ. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ ചിത്രം, നിവിൻപോളി നായകനായ ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് നയൻതാരയുടെ പുതിയ ചിത്രങ്ങൾ. തമിഴിൽ മൂക്കുത്തി അമ്മൻ, യഷ് നായകനാവുന്ന ടോക്‌സിക് എന്ന പാൻ ഇന്ത്യൻ ചിത്രത്തിലും നയൻതാര ആണ് നായിക.
ഇടവേളയ്ക്കുശേഷം ചിരഞ്ജീവി ചിത്രത്തിലൂടെ നയൻതാര തെലുങ്കിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.