അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു
കൊച്ചി: അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതികളിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. എറണാകുളം നോർത്ത് വടുതല ഗോൾഡൻ സ്ട്രീറ്റ് ജെ.ആർ.ആർ നഗർ കാഞ്ഞിരിത്തങ്കൽ വീട്ടിൽ ക്രിസ്റ്റഫറാണ് ( ക്രിസ്റ്റി ജോസഫ് 53) മരിച്ചത്. ആക്രമണത്തിൽ 60 ശതമാനം പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. ഭാര്യ മേരി അപകടനില തരണംചെയ്തു.
ദമ്പതികളെ തീകൊളുത്തിയ അയൽവാസി വില്യം കൊറയയെ ആക്രമണത്തിനുശേഷം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ക്രിസ്റ്റഫറും ഭാര്യയും ചാത്യാത്ത് പള്ളിയിൽ പോയി മടങ്ങവെ വീടിന് മുന്നിൽ സ്കൂട്ടർ തടഞ്ഞ് നിറുത്തിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസിക അസ്വാസ്ഥ്യമുള്ള വില്യം ദമ്പതികളെ സ്ഥിരമായി ശല്യപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. ഇതേത്തുടർന്ന് ക്രിസ്റ്റഫറും ഭാര്യയും പൊലീസിൽ പരാതി നൽകിയതും വീട്ടിൽ സി.സി ടിവി സ്ഥാപിച്ചതുമാണ് പെട്ടെന്നുണ്ടായ പ്രകോപനം.
നിർമ്മാണത്തൊഴിലാളിയാണ് ക്രിസ്റ്റഫർ. മക്കളില്ല. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു. സംസ്കാരം പിന്നീട് ചാത്യാത്ത് കാർമൽ മാതാ പള്ളി സെമിത്തേരിയിൽ.