ഉപ്പേരിക്ക് തീ വില

Monday 21 July 2025 1:54 AM IST

കല്ലറ: ഉപ്പേരിയില്ലാത്ത ഓണസദ്യയാകുമോ ഇത്തവണ, എന്ന ആശങ്കയിയാണ് എല്ലാവരും. വെളിച്ചെണ്ണ വില പിടിവിട്ട് കുതിക്കുമ്പോൾ എന്ത് ചെയ്യും.വില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എത്ര വില വർദ്ധിച്ചാലും വെളിച്ചെണ്ണയിലുണ്ടാക്കുന്ന ഉപ്പേരിക്കാണ് ഡിമാൻഡ്. എന്നാൽ സാധാരണക്കാർക്ക് വില താങ്ങാൻ പറ്റുമോയെന്നാണ് ചോദ്യം. ഇത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കും. വെളിച്ചെണ്ണയിലും പാമോയിലിലും ഉപ്പേരി ഉത്പ്പാദിപ്പിക്കുന്നവരുണ്ട്. മറ്റ് എണ്ണപ്പലഹാരങ്ങൾക്കും വില വർദ്ധനയുണ്ടാകും.

15 ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് ഏപ്രിലിൽ 4350 രൂപയായിരുന്നു. ജൂലായിൽ 6510 രൂപയായി വർദ്ധിച്ചു. 20 ലിറ്റർ വെളിച്ചെണ്ണയ്ക്ക് നാല് മാസം മുൻപ് 6000 ഉം, ജൂലായിൽ 9600 രൂപയുമായി വർദ്ധിച്ചു. പാമോയിൽ കിലോ വില 360 രൂപയാണ്. കാൽക്കിലോ 90.

അഞ്ഞൂറിന് അരികെ

ഒരു കിലോ ഉപ്പേരിയെക്കാൾ ഇരട്ടി വിലയാണ് വെളിച്ചെണ്ണയ്ക്ക്. 400 രൂപയായിരുന്ന ഒരു കിലോ ഉപ്പേരിയുടെയും ശർക്കര വരട്ടിയുടെയും വില 480 രൂപയായി. വരുംദിവസങ്ങളിൽ വില 500 ലേക്കെത്തുമെന്നാണ് സൂചന.

10 ലിറ്റർ മുതൽ 20 ലിറ്റർ വെളിച്ചെണ്ണയാണ് നഗരത്തിലെ കടകളിൽ ഉപ്പേരിക്കായി വേണ്ടിവരുന്നത്. നാടൻ, വയനാടൻ ഏത്തയ്ക്കാണ് ഉപയോഗിക്കുന്നത്. 70 രൂപയായിരുന്ന ഏത്തയ്ക്കായ്ക്ക് 44, 50 രൂപയായി.

ചക്ക വറുത്തത്........600 രൂപ

വില വർദ്ധന (കിലോ)

ശർക്കരവരട്ടി.................480

മസാല ചിപ്‌സ്.................. 500

സ്വീറ്റ് ചിപ്‌സ്................110