ഹോട്ടലുകളുടെ ഭക്ഷണവിതരണ ആപ്പ് കണ്ണൂരിലുമെത്തുന്നു

Monday 21 July 2025 12:21 AM IST
ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ ''യൂലോ ഡെലിവറി'' ആപ്പ് കണ്ണൂരിലെത്തുന്നതിന്റെ പ്രഖ്യാപനം കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് കെ.പി ബാലകൃഷ്ണ പൊതുവാളും സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാലും ചേർന്ന് നിർവ്വഹിക്കുന്നു

കണ്ണൂർ: ഹോട്ടലുടമകളുടെ സംഘടനയായ കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ ഭക്ഷണ വിതരണ ആപ്ലിക്കേഷൻ കണ്ണൂരിലെത്തുന്നു. ''യൂലോ ഡെലിവറി'' എന്ന പേരിലാണ് കെ.എച്ച്.ആർ.എയുടെ സഹകരണത്തോടെ ഭക്ഷണവിതരണ ആപ്പ് കണ്ണൂരിലുമെത്തുന്നത്.

ഭീമൻ ഭക്ഷണവിതരണ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുകയാണ് ഭക്ഷണവിതരണ ആപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കണ്ണൂർ നഗരത്തിലും പിന്നീട് കണ്ണൂരിലെ പ്രധാന നഗരങ്ങളിലും ആപ്ലിക്കേഷൻ പ്രവർത്തിക്കും. നിലവിൽ കോഴിക്കോട് ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽ ''യൂലോ ഡെലിവറി'' പ്രവർത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് കെ.എച്ച്.ആർ.എയുടെ ഉദ്ദേശം. ചുരുങ്ങിയ ഡെലിവറി ചാർജ്ജും അധിക ലാഭവും ഒഴിവാക്കിയാണ് ആപ്പ് പ്രവർത്തിക്കുക. പൂർണ്ണ സമയ ഓഫീസും കണ്ണൂരിൽ ആരംഭിക്കുന്നുണ്ട്.

''യൂലോ ഡെലിവറി'' കണ്ണൂരിൽ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്നു. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് കെ.പി ബാലകൃഷ്ണ പൊതുവാളും സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാലും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

''യൂലോ ഡെലിവറി''

ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ട ഭക്ഷണം എളുപ്പത്തിൽ ഓർഡർ ചെയ്യാനും ഓർഡറുകൾ ട്രാക്ക് ചെയ്യുന്നതിനും ആപ്ലിക്കേഷനിൽ കഴിയും. ഓർഡറുകൾ നേരിട്ടാണ് ഹോട്ടലിലേക്ക് എത്തുക. ആപ്ലിക്കേഷൻ വഴിയല്ലാതെ ഹോട്ടലുകളിൽ ഫോൺ വഴിയും മറ്റുമെത്തുന്ന ഓർഡറുകൾ ''യൂലോ ഡെലിവറി'' വഴി നൽകാൻ ഹോട്ടലുകൾക്ക് സാധിക്കും.