'കൃഷിയും വ്യവസായവും ഒന്നിച്ച് വളരുന്ന കേരളം'വിഷയത്തിൽ കോൺക്ലേവ് 22ന്

Monday 21 July 2025 12:00 AM IST

കൊടകര: സംസ്ഥാന ഔഷധസസ്യ ബോർഡും മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘവും സംയുക്തമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് 22ന് നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറയിച്ചു. 'കൃഷിയും വ്യവസായവും ഒന്നിച്ച് വളരുന്ന കേരളം' എന്ന വിഷയത്തിൽ നടത്തുന്ന കോൺക്ലേവിൽ മുൻ മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, പ്രൊഫ.സി.രവീന്ദ്രനാഥ്, എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, കെ.ഡി. പ്രസേനൻ, എം.വിജിൻ, ജില്ലയിലെ കർഷകർ, സഹകരണ സംഘം പ്രതിനിധികൾ, ആയുർവേദ ഡോക്ടർമാർ, ആയുർവേദ മരുന്ന് ഉത്പ്പാദകർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. 22ന് രാവിലെ 9മുതൽ മറ്റത്തൂർ പഞ്ചായത്തിലെ ചെട്ടിച്ചാലിലുള്ള മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സംസ്‌കരണ കേന്ദ്രത്തിലാണ് സമ്മേളനം. രാവിലെ 9.30ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രാദേശിക ഉത്പന്നങ്ങൾ അവിടെ തന്നെ കൃഷി ചെയ്ത് ഉത്പ്പാദിപ്പിക്കാമെന്ന് തെളിയിച്ച മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കദളീവനം, പാവൽനാട്, ഔഷധവനം തുടങ്ങിയ പദ്ധതികളുടെ വൻവിജയം സമ്മേളനത്തിൽ ചർച്ച ചെയ്യും. പുതുക്കാട് മണ്ഡലത്തിൽ മാതൃകാ പദ്ധതികൾ നടപ്പിലാക്കി വിജയം കൈവരിച്ച കല്യാശ്ശേരിയുടെ അനുഭവങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ടി.എ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.പി.പ്രശാന്ത്, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എ.രഘു, പി.എസ്.പ്രശാന്ത്, കെ.വി.വേലായുധൻ എന്നിവർ പങ്കെടുത്തു.