അയ്യന്തോൾ അപകടം: യുവാവിന് അന്ത്യാഞ്ജലി
Monday 21 July 2025 12:00 AM IST
തൃശൂർ: സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി വീണ് ബസിനടിയിൽപ്പെട്ട് മരിച്ച യുവാവിന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം സംസ്‌കരിച്ചു. ലാലൂർ ചിറമ്മൽ വീട്ടിൽ സി.സി. പോളിന്റെയും ഷേർളിയുടെയും മകൻ ഏബൽ ചാക്കോ പോളാണ് (34) ശനിയാഴ്ച രാവിലെ 9.04ന് അയ്യന്തോൾ മാർക്കറ്റിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. വൈകിട്ട് മൂന്നിന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിലായിരുന്നു സംസ്‌കാരം. ഫെഡറൽ ബാങ്കിന്റെ കുന്നംകുളം ശാഖയിൽ അസിസ്റ്റന്റ് മാനേജറായ ഏബൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. തൃശൂരിൽ നിന്നു കുന്നംകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഏബൽ ബസിനടിയിലേക്ക് വീഴുകയായിരുന്നു.