പേരിൽ ശക്തൻ, സ്റ്റാൻഡ് ദുർബലം!
തൃശൂർ: നിത്യേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ശക്തൻ സ്റ്റാൻഡിന് അത്ര ബലം പോരാ...! കുന്നംകുളം, വാടാനപ്പിള്ളി, പാവറട്ടി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ബസുകൾ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകൾ ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് കമ്പികളെല്ലാം പുറത്തുകാണാം. മേൽക്കൂര താങ്ങുന്ന തൂണുകൾ ബലപ്പെടുത്തിയില്ലെങ്കിൽ വൻ അപകടം തന്നെ സംഭവിച്ചേക്കാമെന്നാണ് ഭീഷണി.
തൃശൂരിലെ ശക്തൻ സ്റ്റാൻഡിലെ എല്ലാ തൂണുകളുടെയും അവസ്ഥ ഇതുതന്നെ. തൂണുകൾക്ക് മുകളിൽ പരസ്യങ്ങളും മറ്റും പതിക്കുന്നതോടെ പുറത്തുവന്ന കമ്പികളൊന്നും കാണാനാകില്ല. സ്റ്റാൻഡിന് പുറംഭാഗം ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിന്റെ അവസ്ഥയാണിത്.
1985ൽ ശിലയിട്ടതും 1988ൽ ശക്തൻ സ്റ്റാൻഡ് തുറന്നുകൊടുത്തതും കെ. കരുണാകരനായിരുന്നു. അതേസമയം ചേർപ്പ്, തൃപ്രയാർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ബസുകൾ നിറുത്തിയിടുന്ന ഭാഗം സുരക്ഷിതമാണ്.
ആൽമുളച്ചാൽ അതും...
ശക്തൻ സ്റ്റാൻഡിനോട് ചേർന്ന് നിരവധി കച്ചവട സ്ഥാപനങ്ങുള്ള കെട്ടിടത്തിന്റെ പലയിടത്തും ആൽമരം തന്നെ മുളച്ചു. മരങ്ങളിൽ മിക്കതും ഉയരത്തിലെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് കോർപറേഷൻ അധികൃതർ. ആൽവേരുകൾ കോൺക്രീറ്റിന് ഇടയിലൂടെ അകത്തേക്ക് കയറിത്തുടങ്ങിയിട്ടുണ്ട്. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് ഈ ബഹുനില കെട്ടിടം.
ക്ലീൻ സിറ്റിയിൽ മാലിന്യക്കൂമ്പാരം
മാലിന്യമുക്ത നവകേരള പദ്ധതിയും സീറോ വേസ്റ്റ് കോർപറേഷൻ പദ്ധതിയും സംയോജിപ്പിച്ച് മാലിന്യനിർമ്മാർജന രംഗത്തെ മുന്നേറ്റങ്ങൾ മാതൃകയെന്ന് പറയുമ്പോഴും ശക്തൻ സ്റ്റാൻഡ് മാലിന്യക്കൂന. ചപ്പു ചവറുകളും അലഞ്ഞ് നടക്കുന്നവരുടെ വസ്ത്രങ്ങളും ചാക്കുകളിലാക്കിയ നിലയിൽ ഇവിടെയുണ്ട്. പ്രാഥമിക ആവശ്യം നിർവഹിക്കുന്ന സ്ഥലവും പരിസരങ്ങളും വൃത്തിഹീനം. മൂക്കു പൊത്തിയേ യാത്രക്കാർക്ക് ഇതിലൂടെ പോകാനാകൂ. കരാറുകാർക്കും ഇക്കാര്യത്തിൽ ശ്രദ്ധയില്ല. സ്റ്റാൻഡിനുള്ളിലെ ടൈലുകളും പലയിടത്തും പൊളിഞ്ഞുകിടക്കുന്നുണ്ട്.
തകർന്ന് റോഡ്
ശക്തനിൽ നിന്ന് ബസുകൾ പുറത്തേക്ക് കടക്കുന്ന നൂറു മീറ്റർ റോഡ് തകർന്ന് തരിപ്പണമായ നിലയിൽ. യാത്രക്കാരുടെ നടവൊടിക്കുംവിധം ഇവിടം കുണ്ടുംകുഴിയുമാണ്. നഗരത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥയും ഇതുതന്നെ. ബസ് സ്റ്റാഡിനുള്ളിലെ നവീകരണം ബസുകൾ പോകുന്ന നൂറു മീറ്റർ റോഡിലേക്ക് നീട്ടാൻ പോലും കഴിയാത്ത വിധമാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് ആക്ഷേപം. നവീകരണം നടത്തിയ ഭാഗത്തും മഴ പെയ്താൻ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.