റോഡുകളിൽ ടൈൽസ് വിരിക്കും, കാൽവരി റോഡിലെ കാനനിർമ്മാണവും പരിഗണനയിൽ
തൃശൂർ: നഗരത്തിൽ വെളളക്കെട്ടുളള റോഡുകളിൽ ടൈൽസ് വിരിക്കുമെന്നും കാൽവരി റോഡിൽ ഒരു ഭാഗത്തെ കാനനിർമ്മാണം പരിഗണനയിലാണെന്നും മേയർ എം.കെ.വർഗീസ്. അയ്യന്തോളിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ റോഡിലാണ്. കോർപറേഷൻ പരിധിയിലുളള റോഡുകളിൽ ചിലയിടങ്ങളിൽ മാത്രമാണ് തകർച്ചയുളളത്. എം.ജി റോഡ് വികസനത്തിന് പുതിയ ടെൻഡർ വരും. എം.ജി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ വികസനവും നടക്കും. പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ ടൈൽ വിരിച്ച് ഉയർത്തും. തുടർന്ന് കാൽവരി റോഡ് കാന നിർമ്മാണവും നടക്കും. സാങ്കേതികമായ നൂലാമാലകൾ മാത്രമാണ് തടസം. അത് ഉടൻ പരിഹരിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രചാരവേലകളാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മേയർ കേരളകൗമുദിയോട് പറഞ്ഞു. അതേസമയം, റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് അവധിദിനങ്ങളിലും രൂക്ഷമാണ്. അപകടങ്ങൾ ഒഴിയുന്നതും തലനാരിഴയ്ക്കാണ്. സ്വരാജ് റൗണ്ടിലും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നാലുമാസം മുൻപ് പണിത ശങ്കരയ്യ റോഡ് ജംഗ്ഷൻ മുതൽ ദിവാൻജി മൂല വരെയുളള റോഡിൽ പൂത്തോൾ ജംഗ്ഷനിലും വൻ കുഴിയാണ് രൂപപ്പെട്ടത്. പടിഞ്ഞാറേക്കോട്ടയിൽ നിന്നുളള കാൽവരി റോഡിന്റെ വലതുഭാഗത്ത് ഇരുനൂറ് മീറ്ററോളം ദൂരത്തിൽ കാനയില്ലാത്തത് അപകടം സാധ്യത കൂട്ടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അടിയാട്ട് ലൈനിൽ നിന്ന് കാൽവരി റോഡിലേക്ക് കയറി വരുന്ന വാഹനങ്ങൾക്കും ഭീഷണിയാണിത്. ഇവിടെ വെളളം റോഡിലൂടെ പരന്നൊഴുകുമ്പോൾ ബൈക്ക് യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്.