പരാധീനതയിൽ അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്റർ
അമ്പലപ്പുഴ : കൊവിഡ് കാലത്ത് നിറുത്തിവച്ച കിടത്തിചികിത്സയും രാത്രികാല സേവനവും അഞ്ചുവർഷം പിന്നിട്ടിട്ടും പുനരാരംഭിക്കാതെ അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്റർ. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ഈ ആതുരാലയം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്ററുമാണ്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തനം.
കൊവിഡിനു മുമ്പ് കിടത്തിചികിത്സയും ഗൈനക്കോളജി വിഭാഗവും ഇവിടെയുണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു ഇവിടെ എത്തി പരിശോധന നടത്തിയിരുന്നത്. 2022ൽ ഈ സെന്റർ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. പുതിയ ഐസൊലേഷൻ ബ്ലോക്കിന് മുഖ്യമന്ത്രി 2022 ൽ തറക്കല്ലിടുകയും ചെയ്തെങ്കിലും ഏതാനും ഷെഡുകൾ പണിതതല്ലാതെ പിന്നീട് നിർമ്മാണം ഒന്നും നടന്നില്ല. ഇന്ന് ഇവിടം കാടുപിടിച്ച് കിടക്കുകയാണ്. നിലവിൽ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്.
കിടത്തിചികിത്സയും രാത്രിസേവനവുമില്ല
രാത്രികാല സേവനവും കിടത്തിചികിത്സയും ആരംഭിച്ചാൽ തകഴി ,അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് പഞ്ചായത്തുകളിലുള്ളവർക്ക് പ്രയോജനകരമാകും
ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ കിടത്തിചികിത്സാ വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 20 കോടി അനുവദിച്ചിരുന്നതാണ്
എന്നാൽ, ജി.സുധാകരൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയശേഷം തുടർനടപടികൾ ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ഈ തുക ലാപ്സായിപ്പോവുകയും ചെയ്തു
എത്രയുംവേഗം ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗികൾക്ക് പ്രയോജനകരമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഐസൊലേഷൻ ബ്ലോക്കുകൾക്ക് അനുവദിച്ചത്
₹ 2.5 കോടി
ദേശീയപാതയോരത്തുള്ള അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിൽ രാത്രികാല സേവനവും കിടത്തിചികിത്സയും തുടങ്ങിയാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനാകും. സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവുകയും ചെയ്യും
-.വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ