ഒരു വർഷത്തിൽ അകത്തായി​ 50ഓൺ​ലൈൻ തട്ടി​പ്പുകാർ

Monday 21 July 2025 12:43 AM IST

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും തട്ടിപ്പ് സംഘങ്ങൾ ഇപ്പോഴും വിലസുന്നു. ഒരുവർഷത്തിനിടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മാത്രം അമ്പതോളം അറസ്റ്റുകളാണ് നടന്നത്. ഓഹരി നിക്ഷേപത്തിന്റെ പേരിലും ലിങ്കുകൾ അയച്ചു കൊടുത്തും ലക്ഷങ്ങളും കോടികളുമാണ് ഇത്തരം സംഘങ്ങൾ തട്ടിയത്. ഓഹരിയിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വമ്പൻ തട്ടിപ്പുകളുടെ അരങ്ങേറ്റം. ഇത്തരത്തിൽ ലഭിക്കുന്ന പണം രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറൻസിയായി ഒഴുക്കുകയാണ് പതിവ്. ബാങ്കുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പേരിൽ ഫോണിലേക്ക് വരുന്ന മെസേജുകളിലെ ലിങ്കുകളിൽ ഭൂരിഭാഗം തട്ടിപ്പിനുള്ള ചൂണ്ടയാണ്. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ) തനിയെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഈ ആപ്പ് ഓപ്പൺ ചെയ്യുന്നതോടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും ഇതിലൂടെ അനായാസം കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. ഒ.ടി.പി സന്ദേശങ്ങളും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാൽ പണം നഷ്ടപ്പെട്ടെന്ന് ഉടൻ തിരിച്ചറിയാനും കഴിയില്ല.

ആപ്പുകൾ ആപ്പിലാക്കും

1. ഓഹരിനിക്ഷേപത്തിന്റെ പേരിലാണ് വമ്പൻ തട്ടിപ്പുകൾ നടക്കുന്നത്. ഹാക്ക് ചെയ്ത വാട്സ് ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ വിശ്വസിപ്പിച്ച് പണം വാങ്ങും. കുറഞ്ഞദിവസം കൊണ്ട് ഈ പണം പലഇരട്ടിയാക്കി കൃത്രിമമായി നിർമ്മിച്ച വെബ്സൈറ്റിൽ ദൃശ്യമാക്കും

2. വർഷങ്ങളായി ഉപയോഗിക്കാതിരിക്കുന്ന സിം സർവീസ് ദാതാക്കൾ മറ്റൊരാൾക്ക് നൽകിയേക്കാം. ഈ ഫോൺ നമ്പരാണ് ബാങ്ക്, മറ്റ് സേവനങ്ങൾ, മെസഞ്ചർ ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ അതിലേക്ക് ഒ.ടി.പി എത്തും. അതിൽ പ്രതികരിച്ചാൽ കെണിയിലാകും

3. കോൾ സെന്റർ മുഖേനയായിരിക്കും സംഘം വിളിക്കുക. രാജ്യവുമായി നിയമസഹായ ഉടമ്പടിയില്ലാത്ത സ്ഥലങ്ങളിൽ നിന്നാവും വിളി എത്തുക. ആളുകളെ വീഴ്ത്താൻ ലൈംഗികച്ചുവയോടെ സംസാരിക്കും.വാഗ്ദാനങ്ങൾ നൽകും

4. തട്ടിപ്പിനായി സ്വന്തം ബാങ്ക് അക്കൗണ്ട് നൽകുന്ന സംഘങ്ങളും സജീവമാണ്. അക്കൗണ്ടിലെത്തുന്ന തട്ടിപ്പ് പണം ചെക്ക് വഴിയോ,​ എ.ടി.എം വഴിയോ ആയിരിക്കും ഇവർ പിൻവലിക്കുക. ഇതിന് അവർ പ്രതിഫലം വാങ്ങും

ഗോൾഡൻ അവേഴ്സ്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പരാതി നൽകണം. സമയം വിലപ്പെട്ടതാണ്. '1930' എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർചെയ്യണം. cybercrime.gov.in എന്ന വെബ് സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

വലിയ ലാഭം പെട്ടെന്ന് ഒരു സ്ഥാപനത്തിനും നൽകാൻ സാധിക്കില്ല. എല്ലാ ആപ്ലിക്കേഷനുകളും ടു സ്റ്റെപ്പ് വേരിഫിക്കേഷൻ അക്ടിവേറ്റ് ചെയ്യുക. സ്ട്രോംഗ് പാസ്‌വേഡ് നൽകണം. ആപ്ലിക്കേഷനുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണം

-ഏലിയാസ് പി.ജോർജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, സൈബർ ക്രൈം പൊലീസ്