ദുരന്തങ്ങൾക്ക് കാതോർത്ത് അധികൃതർ
ഇലക്ട്രിക് ലൈനിന് ഭീഷണിയായി മരച്ചില്ലകൾ
പാലോട്: വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. ഗ്രാമപ്രദേശങ്ങളിൽ മിക്ക സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾക്കും ട്രാൻസ്ഫോർമറുകൾക്കും ഇലക്ട്രിക് ലൈനുകൾക്കും മീതെ മരക്കൊമ്പുകൾ പടർന്നു പന്തലിച്ചു കിടപ്പാണ്. ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകളും ലൈനും തകരുന്നത് തുടർക്കഥയായി മാറി. പനയമുട്ടത്ത് റോഡിൽ പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ അക്ഷയ് സുരേഷ് (19) മരിച്ചത് കഴിഞ്ഞ ദിവസമാണ്. പനയമുട്ടം, പേരയം, ചുള്ളിമാനൂർ, ആറ്റിൻപുറം പ്രദേശങ്ങളിൽ അപായ ഭീതി ഉയർത്തുന്ന വൈദ്യുതി ലൈനുകൾ സ്ഥിരം കാഴ്ചയാണ്. 19 കാരൻ മരിച്ച പനയമുട്ടത്തിന് സമീപം കോതകുളങ്ങര ജംഗ്ഷനിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. ഇലക്ട്രിക് പോസ്റ്റിനു മീതെ മരം ചാഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ദിവസവും ഇരുപതോളം സ്കൂൾ ബസുകളും നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന പി.ഡബ്ലിയു.ഡി റോഡിലാണിത്. കെ.എസ്.ഇ.ബി, പഞ്ചായത്ത്, പി.ഡബ്ലിയു.ഡി അധികൃതർക്ക് പരാതി നൽകി നാട്ടുകാർ മടുത്തു. ചുള്ളിമാനൂർ, പനവൂർ ഓവർസിയർമാരുടെ പരിധിയിൽ പത്തോളം കേന്ദ്രങ്ങളിലാണ് മരങ്ങൾ ഇലക്ട്രിക് ലൈനുകൾക്ക് ഭീഷണിയായിരിക്കുന്നത്. കൺമുന്നിലെ അപായം നീക്കം ചെയ്യാൻ വൈകുന്നത് ദുരന്തങ്ങൾക്ക് ഇടവരുത്തുമെന്ന് നാട്ടുകാർ പറയുന്നു.