മോഷണംപോയ സ്വർണം 30വർഷത്തിന് ശേഷം കോടതി വിട്ടുനൽകി
തിരുവനന്തപുരം: പാച്ചല്ലൂർ കുളത്തിൻകര ഭദ്രകാളി ദേവീക്ഷേത്രത്തിലെ തിരുമുടിയിൽ നിന്ന് മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും 30 വർഷത്തിന് ശേഷം കോടതി വിട്ടുനൽകി. മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നെയ്യാറ്റിൻകര കോടതിയിൽ നിന്നാണ് സ്വർണവും വെള്ളിയും ക്ഷേത്രം അധികൃതർക്ക് കൈമാറിയത്. ഇന്നലെ വൈകിട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകടമ്പടിയിൽ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്. മോഷ്ടിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കിയ നിലയിലാണ് ലഭിച്ചത്.
1994 ഓഗസ്റ്റ് രണ്ടിന് പുലർച്ചെയായിരുന്നു കോളിളക്കം സൃഷ്ടിച്ച ക്ഷേത്ര കവർച്ച. വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർ ബി.ശശിധരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവല്ലം സ്വദേശികളായ സഹോദരങ്ങൾ ഉദയകുമാർ,സുരേഷ്‌കുമാർ,പാച്ചല്ലൂർ സ്വദേശി അനിൽകുമാർ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി. ഉദയകുമാറും സുരേഷ്കുമാറും അറസ്റ്റിലായ വാർത്ത 1995 മാർച്ച് 14ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തു. രണ്ടാം പ്രതി അനിൽകുമാർ മോഷ്ടിച്ച രത്നകല്ലുകളുമായി മാലിയിലേക്ക് കടന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല.
അറസ്റ്റിലായ രണ്ട് പ്രതികളെ നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. പൊലീസ് കണ്ടെത്തിയ തൊണ്ടിമുതലായ സ്വർണാഭരണങ്ങളും വെള്ളിചിലമ്പും ക്ഷേത്രത്തിന് കൈമാറാനും കോടതി 2009 ജനുവരി 6ന് വിധിച്ചു. എന്നാൽ പ്രതികൾ ജില്ലാകോടതിയിലും ഹൈക്കോടതിയിലും അപ്പീൽ നൽകി. 2023 നവംബർ 13ന് കീഴ്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചതോടെ പ്രതികൾ ജയിലിലായി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയാണ് സ്വർണം ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറിയത്.