ഗോത്രകലകൾക്ക് പുതുജീവൻ നൽകാൻ കുടുംബശ്രീ

Monday 21 July 2025 1:45 AM IST

ആലപ്പുഴ: തദ്ദേശീയമായി നിലവിലുള്ളതും അന്യംനിന്നു പോകുന്നതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാൻ "ജന ഗൽസ' (ജനങ്ങളുടെ ആഘോഷം) പദ്ധതിയുമായി കുടുംബശ്രീ. ഗോത്രകലാരൂപങ്ങൾ സംരംഭമാതൃകയിൽ രൂപീകരിച്ച് തദ്ദേശീയജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവ പാഠ്യവിഷയമാക്കാനും പദ്ധതിയുണ്ട്. കുട്ടികൾക്കിടയിലേക്ക് ഗോത്രജനതയുമായി ബന്ധപ്പെട്ട അറിവുകൾ ലഭ്യമാക്കുകയാണ് ഉദ്ദേശം.

പദ്ധതിയുടെ ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ കലാകാരൻമാരെയും ഗോത്രകലാരൂപങ്ങളെയും കുറിച്ചുമുള്ള സമഗ്രമായ ഡയറക്ടറി തയ്യാറാക്കും. പട്ടികവർഗ വിഭാഗത്തിലുള്ള അനിമേറ്റർമാരെ ഉപയോഗിച്ചാകും സർവേ നടത്തുക. ആഗസ്റ്റ് ആദ്യവാരം ആരംഭിച്ച് ഇരുപതിനകം പൂർത്തിയാക്കാനാണ് തീരുമാനം.

വരുമാനം ഉറപ്പാക്കുക ലക്ഷ്യം 1.തദ്ദേശീയ മേഖലയിൽ 38ലേറെ വിഭാഗങ്ങളാണുള്ളത്. ഓരോ വിഭാഗത്തിനും തനതായ കലാരൂപങ്ങളുമുണ്ട്. കുടുംബശ്രീയുടെ ട്രൈബൽ പദ്ധതിക്ക് കീഴിലെ അർഹരായ ഗുണഭോക്താക്കളെ ഇതിനായി കണ്ടെത്തും

2. കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല കൺസോർഷ്യം രൂപീകരിക്കുന്നതിലൂടെ ഇവർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കും. ലഹരി അടക്കമുള്ളവയ്ക്കെതിരെയുള്ള സർക്കാരിന്റെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും ഇവരെ പ്രയോജനപ്പെടുത്താം

3.കുടുംബശ്രീയുടെ തന്നെ കമ്യൂണിറ്റി തീയറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കും. ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാഡമിതുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിച്ച് തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും

4.ജന ഗൽസയുടെ ഭാഗമായി കലയെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗോത്രകലകൾ, സംസ്ക്കാരം, ആചാര അനുഷ്ഠാനങ്ങൾ, തനതുഭക്ഷണം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.