മുഖ്യമന്ത്രി  ഗവർണർ കൂടിക്കാഴ്ച : സമവായ പാതയിൽ, രജിസ്ട്രാറുടെ സസ്പെൻഷൻ ഉപാധിയാക്കി ഗവർണർ

Monday 21 July 2025 1:03 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ് ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതോടെ കേരള സർവകലാശാലയിൽ വൈസ് ചാൻസലറും സർക്കാരും തമ്മിൽ നടക്കുന്ന നിഴൽയുദ്ധം സമയവായത്തിലൂടെ അവസാനിപ്പിക്കാൻ സാദ്ധ്യതയേറി. അതേസമയം, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഈ തീരുമാനത്തിൽ മാറ്റം വന്നേക്കില്ല.

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർ ഡോ. കെ.എ. അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. സസ്‌പെൻഷൻ അംഗീകരിച്ച ശേഷമുള്ള ഏതാനും ദിവസം അനിൽകുമാർ ഓഫീസിൽ എത്താൻ പാടില്ല. പിന്നാലെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കാമെന്ന സമവായവും ഗവർണർ മുന്നോട്ടു വച്ചുവെന്നാണ് അറിയുന്നത്. ഇതു സർക്കാരിന് സ്വീകാര്യമാവാൻ സാദ്ധ്യതയുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു വൈസ് ചാൻസലറെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ചർച്ച നടത്തിയിരുന്നുവെങ്കിലും അനുനയ നടപടികൾ ഉണ്ടായില്ല.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെ ഗവർണറുമായി ചർച്ച നടത്തി.4.35 വരെ നീണ്ട കൂടിക്കാഴ്ച തീർത്തും സൗഹാർദ്ദപരമായിരുന്നു. ഗവർണർക്കും മുഖ്യമന്ത്രിക്കുമൊപ്പം ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ധൊതാവതും ചർച്ചയിൽ പങ്കെടുത്തു.

ബില്ളുകൾ ഒപ്പിട്ടുകിട്ടണം

 ഗവർണർ മാറ്റിവച്ചിരിക്കുന്ന ബില്ലുകൾ ഒപ്പിട്ടു കിട്ടണമെന്ന ഉദ്ദേശ്യവും മുഖ്യമന്ത്രിയുടെ സന്ദർശനത്തിലുണ്ട്. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള ബിൽ ഗവർണർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ ചട്ടങ്ങൾവരെ സർക്കാർ തയ്യാറാക്കിയിരുന്നു. ഒരു ഡസനോളം അപേക്ഷകൾ സർക്കാരിന് മുന്നിലുണ്ട്. സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ടതാണ് മറ്റു രണ്ടു ബില്ലുകൾ.

കഴിഞ്ഞ ദിവസം ഡൽഹിയിലെ കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ തങ്ങവേ അനൗദ്യോഗികമായി ആശയവിനിയമംനടത്തിയിരുന്നുവെന്ന സൂചനയുമുണ്ട്.

 അനുനയത്തിന്റെ പാത സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന കത്തുമായാണ് മുഖ്യമന്ത്രി എത്തിയത്. കത്ത് വായിച്ച ഗവർണർ, വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ സർവകലാശാലയിലെ സംഭവങ്ങൾ സംബന്ധിച്ച് തനിക്ക് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചു. സസ്പെൻഷൻ ഉത്തരവ് നൽകിയാൽ അത് ധിക്കരിച്ച് രജിസ്ട്രാർ സർവകലാശാലയിൽ എത്തുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്യുന്നത് ഭൂഷണമാണോ എന്ന ചോദ്യവും ഉന്നയിച്ചു. ഇടത് പക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളുടെ നടപടികളും പരാമർശ വിഷയമായി.