പാപത്തിന്റെ അപഹാരം; വേലിയിലെ പാമ്പും

Monday 21 July 2025 12:13 AM IST

രണ്ടാം പിണറായി സർക്കാരിന് പാപഗ്രഹത്തിന്റെ അപഹാരമാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ ജ്യോതിഷികളുടെ പ്രവചനം. 'ശകുനപ്പിഴ തവ ജനിതം" എന്ന മട്ടിൽ അടുത്ത കാലത്തായി തൊട്ടതിലും പിടിച്ചതിലുമെല്ലാം പൊല്ലാപ്പ്! മന്ത്രിമാർ ചെയ്യുന്നതിലും ചൊല്ലുന്നതിലുമെല്ലാം പിഴ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ തുറന്നുപറച്ചിൽ സർക്കാരിനെ വല്ലാതെ വെട്ടിലാക്കി. സത്യവചനം നടത്തിയ ഡോക്ടറെ ക്രൂശിക്കാനായി പിന്നെ അണിയറയിലെ ഒരുക്കങ്ങൾ. ഡോക്ടർ ചട്ടലംഘനം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. ഡോക്ടർ ആവശ്യപ്പെട്ട ഉപകരണങ്ങൾ വിമാനമാർഗം മണിക്കൂറുകൾക്കകം എത്തിച്ചു. മറ്റ് സർക്കാർ ആശുപത്രികളുടെ കാര്യമോ?

തൊട്ടുപിന്നാലെയുണ്ടായ കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട ദുരന്തം അശനിപാതമായി. ഉടനെ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ. വാസവനും വീണാ ജോർജും, പൊളിഞ്ഞുവീണ ശുചിമുറി കെട്ടിടത്തിനടിയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി മടങ്ങിയ ശേഷം നടത്തിയ തിരച്ചിലിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ അമ്മ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രതിഷേധം ആളിക്കത്തി. ആശുപത്രി അധികൃതരുടെ വാക്കുകൾ വിശ്വസിച്ച മന്ത്രിമാർ 'കൊലയാളികളായി." ദുരന്തത്തിന് കാരണക്കാരായ ആർക്കെതിരെ എന്തു നടപടിയെടുത്തെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഹൈടെക്ക് ആയ സർക്കാർ ആശുപത്രികളിൽ സമ്പന്നന്മാർ വരെ മുന്തിയ കാറുകളിൽ വന്ന് കാത്തുകിടക്കുന്നുവെന്ന് മുഖ്യമന്ത്രി. ഡെങ്കിപ്പനി വന്ന് ആദ്യം സർക്കാർ ആശുപത്രിയിലെത്തിയ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി വി.എൻ. വാസവന്റെ സാക്ഷ്യപത്രം!

 

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ചതു പോലെയായി ഇക്കൊല്ലത്തെ കീം എൻജിനിയറിംഗ് റാങ്ക് പട്ടിക. റാങ്കിൽ താഴെ പോകുന്നതായി പരാതിയുള്ള കേരള സിലബസിലെ കുട്ടികളെ സഹായിക്കുകയെന്ന സദുദ്ദേശ്യം മാത്രമായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്. പക്ഷേ, അതിനു സ്വീകരിച്ച തട്ടിക്കൊട്ട് മാർഗം തരികിടയായി. നിയമവും വിദഗ്ദ്ധ സമിതിയുടെ ശുപാർശയും മറികടന്നുള്ള മാർക്ക് സമീകരണത്തിലൂടെ ഇറക്കിയ റാങ്ക് പട്ടിക സുപ്രീം കോടതി കയറിയിട്ടും നിലം തൊട്ടില്ല.

ഒടുവിൽ, കഴിഞ്ഞ പന്ത്രണ്ട് വർഷമായി തുടരുന്ന രീതിയിൽ റാങ്ക് പുന:ക്രമീകരിച്ചപ്പോൾ കണ്ണീരും കൈയുമായി കേരള സിലബസിലെ ആയിരക്കണക്കിന് കുട്ടികൾ. ഉറക്കത്തിൽ വിളിച്ചുണർത്തി ഊണില്ലെന്നു പറഞ്ഞ സ്ഥിതി. ആ വിവാദം കെട്ടടങ്ങും മുമ്പ് ദാ വരുന്നു, കൊല്ലം തേവലക്കരയിൽ സ്കൂൾ ഷെഡിന് തൊട്ടു മുകളിലെ വൈദ്യുതി ലൈനിൽ കാൽ തെന്നി വീണ് മിഥുൻ എന്ന എട്ടാം ക്ളാസുകാരന്റെ ദാരുണ മരണം. സി.പി.എം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിന്റെയും കെ.എസ്.ഇ.ബിയുടെയും വർഷങ്ങൾ നീണ്ട അനാസ്ഥയ്ക്ക് പഴി സർക്കാരിന്. പെട്ടത് മന്ത്രിസഭയിലെ രണ്ട് 'കുട്ടികൾ"- ശിവൻകുട്ടിയും കൃഷ്ണൻകുട്ടിയും. ദൈവങ്ങളുടെ പേരുള്ള ഇരുവരും മനഷ്യത്വത്തോടെ തക്ക സമയത്ത് ഇടപെട്ടു.

പക്ഷേ, പിഴമൂളേണ്ടി വന്നത് കേസിലെ മൂന്നാം കക്ഷിയായ സ്കൂൾ ഹെഡ്മിസ്ട്രസ് മാത്രം! വർഷങ്ങളായി അപകട ഭീഷണിയുയർത്തി സ്കൂളിനു മേൽ ഞാണുകിടക്കുന്ന വൈദ്യുതി കമ്പി നീക്കാത്ത സ്കൂൾ മാനേജ്മെന്റിനും, വൈദ്യുതി ബോർഡിനുമെതിരെ നടപടിയില്ലേ?പാർട്ടി സഖാക്കൾ നിയന്ത്രിക്കുന്ന സ്കൂളായപ്പോൾ എസ്.എഫ്.ഐക്കാരുടെ വിപ്ളവവീര്യം ചോർന്നുപോയോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. സ്കൂൾ ഷെഡിനു മുകളിലേക്ക് കുട്ടി കയറിയതാണ് ദുരന്തമുണ്ടാക്കിയതെന്നും, അദ്ധ്യാപകരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞ് സൂംബാ നൃത്തമാടിയ സി.പി.ഐ മന്ത്രി ചിഞ്ചുറാണിയുടേത് വകതിരിവു കേടെന്ന് പ്രതിപക്ഷം; ബിനോയ് വിശ്വത്തിന്റെ നാവിറങ്ങിപ്പോയോ എന്നും. ഒടുവിൽ മിഥുന്റെ വീട്ടിലെത്തി മന്ത്രിയുടെ ക്ഷമാപണം.

സദാ അനർത്ഥങ്ങൾ മാത്രം ഒപ്പിക്കുന്ന ജൂനിയർ മാൻഡ്രേക്കിനെ മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ ആരിൽ നിന്നെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടോ എന്ന് ട്രോളന്മാരുടെ പരിഹാസം. ഉണ്ടെങ്കിൽ ഉടൻ മടക്കി നൽകണമെന്നും! ആര് ഏറ്റുവാങ്ങാൻ?അതും സന്തോഷത്തോടെ!

 

ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തല പൊക്കും. 'പി" എന്ന ഇനിഷ്യലിൽ തുടങ്ങുന്ന പേരുകാരും സി.പി.എമ്മുമായി ബന്ധമുള്ളവരുമായ മുൻ എം.എൽ.എമാരെല്ലാം പാർട്ടിക്ക് വെല്ലുവിളിയാവുന്നു! തുടങ്ങിവച്ചത് പി.വി. അൻവർ. ഇപ്പോൾ പി.കെ.ശശിയും പി. ഐഷാ പോറ്റിയും. പാർട്ടി സ്വതന്ത്രനായി രണ്ടു തവണ എം.എൽ.എയായ അൻവർ പിണറായിസത്തെ തകർക്കുമെന്ന വെല്ലുവിളിയുമായി കളം ചാടിയെങ്കിലും വീണത് നടുക്കടലിൽ. അക്കരെ ലക്ഷ്യംവച്ച താവളത്തിൽ കയറിപ്പറ്റാനുള്ള തുഴച്ചിലിലാണ് ഇപ്പോഴും കക്ഷി. പക്ഷേ, അവിടെ വി.ഡി. സതീശൻ നിന്ന് കണ്ണുരുട്ടുന്നു.

സാമ്പത്തിക ക്രമക്കേടുകളുടെയും മറ്റും പേരിൽ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ടയാളാണ് പി.കെ.ശശി. പക്ഷേ, 'എന്തതിശയമേ, നേതാവിൻ സ്നേഹം..." എന്ന പാട്ടും പാടി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത്

സസുഖം വാഴുന്നു. പാർട്ടി പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞ ശശി, സ്വന്തം സെക്രട്ടറിയെക്കൊണ്ട് പാർട്ടി ഓഫീസിനു നേരേ കല്ലെറിയിച്ചതായി വരെ ആരോപണമുയർന്നു. ശശിയെ വെല്ലുവിളിച്ച് അതിന്റെ പേരിൽ പാർട്ടിയുടെ പ്രതിഷേധ പ്രകടനവും നടന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചതോടെ പി.കെ.ശശി കോൺഗ്രസിൽ ചേക്കേറുമെന്നാണ് അഭ്യൂഹം.

കൊട്ടാരക്കരയിൽ ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് പാർട്ടിക്കു വേണ്ടി മണ്ഡലം പിടിച്ച പി. ഐഷാ പോറ്റി തുടർച്ചയായ മൂന്നുതവണ അവിടെ നിന്ന് ജയിക്കുകയും ചെയ്തിരുന്നു .ഇപ്പോൾ പാർട്ടിയുടെ മേൽവിലാസമില്ല. പക്ഷേ, കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തതോടെ പാർട്ടി ട്രോളന്മാരുടെ

പൊങ്കാലയിടലായി. പാർട്ടി പരിപാടികളിലൊന്നും ക്ഷണിക്കാറില്ല. പാർട്ടി അംഗത്വം പോലുമില്ല. പിന്നെ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ താൻ ആരുടെ അനുവാദം തേടണമെന്ന് ഐഷാ പോറ്റി. അതോടെ ഐഷാ പോറ്റിയും കോൺഗ്രസിൽ ചേരാൻ പോകുന്നുവെന്നായി പ്രചരണം. ഒടുവിൽ, 'നിങ്ങളെന്നെ കോൺഗ്രസാക്കി" എന്ന് അവർക്ക്

പറയേണ്ടിവരുമോ? സി.പി.എമ്മിൽ 'പി" എന്ന ഇനിഷ്യലുള്ള മുൻ എം.എൽ.എമാർ ഇനി എത്രപേരുണ്ടാവും?

 

തൃശൂർ പൂരം കലക്കലിൽ സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാർ പ്രശ്നപരിഹാരത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് അന്നത്തെ ഡി.ജി.പിക്കു പുറമെ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെയും അന്വേഷണ റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക്. റവന്യു മന്ത്രി കെ. രാജൻ അന്നു രാത്രി ഫോണിൽ വിളിച്ചെങ്കിലും എ.ഡി.ജി.പി ഉറങ്ങിപ്പോയി! അതേ എ.ഡി.ജി.പി ശബരിമല കയറിയത് സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന ട്രാക്ടറിൽ. ഹൈക്കോടതി വിലക്കിയിട്ടുള്ള അത്തരം യാത്ര നടത്തിയത് സി.സി ടിവി ക്യാമറകളുടെ കണ്ണുവെട്ടിച്ചും മുഖം മറച്ചുമെന്ന് റിപ്പോർട്ട്. എ.ഡി.ജിപിക്ക് ആരോഗ്യപ്രശ്നമാണെങ്കിൽ ആംബുലൻസിന്റെ സഹായം തേടാത്തതെന്തെന്ന് ഹൈക്കോടതി.

തണലേകാൻ മുകളിൽ ആളുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് ഏത് നിയമലംഘനവും കൃത്യവിലോപവും ആകാമോ എന്ന് പ്രതിപക്ഷം. അതിനും മുകളിലിരുന്ന് ഒരാൾ എല്ലാം കാണുന്നുണ്ടെന്ന് ഭക്തജനങ്ങൾ!

നുറുങ്ങ്:

□ യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമാണ് കാണുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. യൂത്ത് കോൺഗ്രസുകാർ തെരുവിൽ നടത്തുന്ന സമരം കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ എന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.

○മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും...

(വിദുരരുടെ ഫോൺ: 9946108221)