ഇല്ലംനിറ വല്ലംനിറയും മലബാറിലെ കലിയനും
അദ്ധ്വാനവും വിനോദവും സമൃദ്ധമായ ചികിത്സാ സമ്പ്രദായങ്ങളുംകൊണ്ട് വ്യത്യസ്തമായിരുന്നു, പണ്ടേ കർക്കടകം. കർക്കടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഞായറാഴ്ച നടക്കുന്ന ആചാരമാണ് ഇല്ലംനിറ. കാർഷിക സമൃദ്ധിക്കായുള്ള ഈ ആചാരം 'ഇല്ലംനിറ... വല്ലംനിറ" എന്ന് കേഴ്വികേട്ടതാണ്. ഉദയത്തിൽ കുളി കഴിഞ്ഞ് ഈറനണിഞ്ഞ്, പാടശേഖരങ്ങളിൽ നിന്ന് നെൽക്കതിർ കൊയ്ത് തലച്ചുമടായി തറവാടുകളിലെത്തിക്കും. 'നിറ നിറ പൊലി പൊലി" എന്ന് ഉച്ചത്തിൽ ചൊല്ലിക്കൊണ്ട് കൊണ്ടുവരുന്ന കതിർക്കറ്റകൾ കുലകളായി തറവാട്ടു മച്ചിലും ഉമ്മറത്തും ഭക്തിപൂർവം കെട്ടിത്തൂക്കും.
കഷ്ടാരിഷ്ടതകളുടെ കർക്കടകത്തിൽ അസ്വസ്ഥമാകുന്ന ഹൃദയങ്ങളെ സന്മാർഗപ്രദീപകമായ രാമകഥകൊണ്ട് നിർമ്മലവും നിർമ്മമവുമാക്കി, മൂല്യബോധവും ലക്ഷ്യബോധവും പ്രദാനംചെയ്‌ത് നിർമ്മത്സരബുദ്ധികളാക്കി ഉയർത്തുകയാണ് ചെയ്യുന്നത്. മഴയും മറ്റ് കഷ്ടാരിഷ്ടതകളും നിറഞ്ഞ ദുർഘടമായ കർക്കടകം മലയാള വർഷത്തിന്റെ അവസാന മാസമാണ്. കൃഷികൊണ്ട് അതിജീവനം നടത്തിയിരുന്ന മുന്മുറക്കാർ പഞ്ഞമാസമായ കർക്കടകത്തിൽ മനശ്ശാന്തിക്കായി പ്രാർത്ഥനാ നിർഭരമായി ക്ലേശങ്ങളെ മറന്നും ഇല്ലായ്മകളെ വകഞ്ഞും ആ ഒരുമാസക്കാലം കഴിച്ചുകൂട്ടിയിരുന്നു.
നന്മ, തിന്മകളുടെ ഗുണാഗുണങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ രാമായണപഠനം അനിവാര്യമായി തലമുറകളിലേക്കു പകർന്നതോടെ കർക്കടകമാസം 'രാമായണമാസ"മായി. വായിക്കുന്തോറും കൂടുതൽ ഇറങ്ങിച്ചെല്ലുവാൻ പ്രേരിപ്പിക്കുന്ന ശ്രീരാമായണം എന്ന ഈ കാവ്യനിധി സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഒരു കാവ്യനീതി തന്നെയാണ്. രാമായണമാസം പാരായണമാസം മാത്രമല്ല, മാനസികമായ പരിവർത്തനത്തിന്റെ സുവർണശോഭയുള്ള പഠനകാലം കൂടിയാണ്.
പതിനഞ്ചാം നൂറ്റാണ്ടോടെ ഭക്തിപ്രസ്ഥാനത്തിന്റെ അലയൊലികൾ അരങ്ങേറുകയും, ഒരു പുതിയ ധാർമ്മികാവബോധത്തിനും ഉദയത്തിനും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം സവിശേഷാനുഗ്രഹമായി മാറുകയും ചെയ്തു. രാമായണ മാസാചരണം ആഘോഷിക്കുന്ന കർക്കടക വേളയിൽ തെക്കൻ കേരളത്തിലെ 'ശീവോതിക്കു കൊടുക്കലി"നോട് സാമ്യമുള്ള ഒരു ചടങ്ങാണ് മലബാറിലെ 'കലിയന് കൊടുക്കൽ." ചിലയിടങ്ങളിൽ കർക്കടകത്തിന് സ്വാഗതമോതുന്നത് കാർഷിക മൂർത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്.
'കലിയാ കലിയാ കൂ... കൂ..." എന്ന വിളി കേൾക്കുന്ന ഗ്രാമങ്ങൾ എത്രയോ പരിമിതപ്പെട്ടെങ്കിലും അത്തരം ആചരണമുള്ള ചിലയിടങ്ങളെങ്കിലും ഇന്നുമുണ്ട്. കലിയനു പ്രിയപ്പെട്ട വിഭവങ്ങളാണ് ചക്കയും മാങ്ങയും. പ്ലാവിലകൊണ്ട് പശുവും മൂരിയും, വാഴക്കണകൊണ്ട് ആലയും നുകവും കലപ്പയും ഏണിയും കോണിയുമെല്ലാം ഉണ്ടാക്കി കലിയന് സമർപ്പിക്കുന്നു. കാർഷികവൃത്തിയുടെ പ്രതീകങ്ങളാണ് ഇവയെല്ലാം. ഈന്തും ചക്കപ്പുഴുക്കും കിഴങ്ങും കടലയും തേങ്ങാപ്പൂളും എന്നുവേണ്ട കലിയന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി സന്ധ്യയോടെ പ്ലാവിൻ ചുവട്ടിൽ സമർപ്പിക്കുന്നു. പ്ളാവിൽ ഏണി ചാരി, ഓലച്ചൂട്ട് കത്തിച്ച് പന്തമാക്കും. പിന്നെ ആർപ്പുവിളി തുടങ്ങും.
'കലിയാ കലിയാ കൂയ്... മാങ്ങേം ചക്കേം തിന്നേച്ചു പോ..."എന്ന വായ്‌ത്താരി മുഴക്കിക്കൊണ്ട് വീടിനുചുറ്റും കുട്ടികൾ ചേർന്ന് ഒരു പ്രദക്ഷിണം വയ്ക്കും. ഗ്രാമസൗഭഗത്തെ ആഹ്ലാദിപ്പിച്ചിരുന്ന ഈ വായ്‌ത്താരി ഒരുകാലത്ത് ഗ്രാമങ്ങൾതോറും മുഴങ്ങിയിരുന്നു. മലയാളിക്ക് പലതും അന്യമായ കൂട്ടത്തിൽ ഏറക്കുറെ അന്യംനിന്നുപോയ ആചാരങ്ങളുടെ ഭാഗമാണ് കർക്കടകത്തിലെ കലിയനും!