ഡൽഹിയിലെ 'ലഹരി രാജ്ഞി'യുടെ സാമ്രാജ്യം തകർത്ത് പൊലീസ്

Monday 21 July 2025 12:58 AM IST

ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സുൽത്താൻപുരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിസംഘത്തിന് പൂട്ടിട്ട് പൊലീസ്. സുൽത്താൻപുരിയുടെ 'ലഹരി രാജ്ഞി" എന്നറിയപ്പെടുന്ന കുസും എന്ന സ്ത്രീയുടെ കീഴിൽ വളർന്ന ലഹരി മാഫിയയാണിത്. മാർച്ചിൽ പൊലീസ് കുസുമിന്റെ ആഡംബര ബംഗ്ലാവിൽ റെയ്ഡിനെ നടത്തുകയും മകൻ അമിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ കുസും ഒളിവിൽ പോയി. ബംഗ്ലാവിൽ നിന്ന് 550 പായ്ക്കറ്റ് ലഹരിവസ്തുക്കളും 47 ലക്ഷം രൂപയും പിടിച്ചെടുത്തു. കുസുമിന്റെ പേരിലുള്ള സ്വത്തുവകകളും പൊലീസ് കണ്ടുകെട്ടി.

മയക്കുമരുന്ന് നിരോധന നിയമപ്രകാരം കുസുമിനെതിരെ 12 കേസുകളുണ്ട്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിതരണശൃംഖലയുടെ കേന്ദ്രമായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. അമിത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലഹരിസംഘത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കം നടത്തിയത്. കുസുമിന്റെ രണ്ട് പെൺമക്കളുടെയും ബാങ്ക് അക്കൗണ്ടിൽ 18 മാസത്തിനിടെ ഏകദേശം 2 കോടി രൂപയുടെ നിക്ഷേപം വന്നതായി കണ്ടെത്തി. 2000 രൂപ മുതൽ 5000 രൂപ വരെയുള്ള നിക്ഷേപങ്ങളെത്തിയത് പൊലീസിന് സംശയമുണ്ടാക്കി. ഇതുസംബന്ധിച്ച് വിശ്വസനീയമായ വിശദീകരണം നൽകാൻ രണ്ടുപേർക്കുമായില്ല. നാല് വീടുകളുടെ ഇടയ്ക്കുള്ള ചുമരുകൾ പൊളിച്ച് ഒന്നാക്കിയ ബംഗ്ളാവിലാണ് ഇവർ താമസിച്ചിരുന്നത്. പുറത്തുനിന്ന് വലിയ ബംഗ്ളാവെന്ന് മനസിലാകാത്ത വിധത്തിലാണ് നിർമ്മാണം.